
ഖത്തര്‍ കൈവരിച്ച തൊഴില്‍ പരിഷ്‌കാരങ്ങളെ പ്രശംസിച്ച് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍
അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഖത്തര്‍ കൈവരിച്ച തൊഴില്‍ പരിഷ്‌കാരങ്ങളെ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) ഡയറക്ടര്‍ ജനറല്‍ ഗില്‍ബര്‍ട്ട് ഹോങ്ബോ പ്രശംസിച്ചു. ഇത് മറ്റ് രാജ്യങ്ങള്‍ക്ക് പിന്തുടരാവുന്ന മാതൃകയായാണ് കണക്കാക്കപ്പെടുന്നത്.
ഖത്തര്‍ സന്ദര്‍ശനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ഐഎല്‍ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു, ”കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൈവരിച്ച പുരോഗതിക്ക് ഞാന്‍ ഖത്തറിനെ അഭിനന്ദിക്കുന്നു. ഈ തൊഴില്‍ പരിഷ്‌കരണങ്ങളില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ക്കും ഐഎല്‍ഒ പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നിശ്ചയിച്ചിട്ടുള്ള ചില മുന്‍ഗണനകള്‍ക്കനുസൃതമായി ഈ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഡാറ്റ ശേഖരണത്തിലും വിശകലനത്തിലും തുടര്‍ച്ചയായ നിക്ഷേപം മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും വിടവുകള്‍ തിരിച്ചറിയുന്നതിനും തുടര്‍ച്ചയായ പുരോഗതിയെ പിന്തുണയ്ക്കുന്നതിനും സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി.
”കുടിയേറ്റക്കാര്‍ അവരുടെ ആതിഥേയ രാജ്യങ്ങളുടെയും നാട്ടിലുള്ള അവരുടെ കമ്മ്യൂണിറ്റികളുടെയും സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക വികസനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തൊഴിലാളികളും മനുഷ്യരും എന്ന നിലയിലുള്ള അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നത് സാമൂഹ്യനീതി പ്രോത്സാഹിപ്പിക്കുന്നതിനും മാന്യമായ ജോലി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദൗത്യത്തിന്റെ കാതലാണ്.
തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ ഖത്തര്‍ സ്വീകരിച്ച മാതൃകാ നടപടികള്‍ അനുകരണീയമാണെന്ന് അദ്ദേഹം പറഞ്ഞു.