ഷൂട്ടൗട്ടില്‍ ക്രോയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്ത്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പില്‍ കിരീടം ചൂടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ബ്രസീല്‍ ഷൂട്ടൗട്ടില്‍ ക്രോയേഷ്യയോട് തോറ്റ് സെമി കാണാതെ പുറത്തായി. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മറ്റൊരു കിരീട നേട്ടം ലക്ഷ്യമിട്ട് കളത്തിലിറങ്ങി പൊരുതി കളിച്ചെങ്കിലും ക്രോയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ വലകുലുക്കാന്‍ പ്രയാസപ്പെട്ടു. കളിയുടെ ആദ്യന്തം ആധിപത്യം ബ്രസീലിനായിരുന്നു.
നിശ്ചിത സമയം അവസാനിച്ചപ്പോള്‍ ആര്‍ക്കും ഗോളടിക്കാനാവാതെ കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ നെയ്മറിന്റെ ഗോളില്‍ ബ്രസീല്‍ മുന്നേറി. എന്നാല്‍ കളിയുടെ നൂറ്റി പതിനാറാം മിനിറ്റില്‍ ക്രൊയേഷ്യ ഗോള്‍ മടക്കി.
പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ചിന്റെ മികച്ച പ്രകടനത്തിന് മുന്നില്‍ ബ്രസീല്‍ തകരുകയായിരുന്നു.
നിലവില്‍ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ 2002ല്‍ ജര്‍മ്മനിയെ 2-0ന് തോല്‍പ്പിച്ച് ലോകകപ്പ് നേടിയ ശേഷം ഖത്തറില്‍ ചരിത്രവിജയം കുറിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 1930-ല്‍ ആരംഭിച്ചതിന് ശേഷം എല്ലാ ലോകകപ്പ് ഫൈനല്‍ എഡിഷനുകളിലും കളിച്ചിട്ടുള്ള ഒരേയൊരു ടീമായ ബ്രസീല്‍ സെമി കാണാതെ പുറത്തുപോകുന്നതിനും ഇന്നലെ എഡ്യൂക്കേഷണല്‍ സിറ്റി സ്‌റ്റേഡിയം സാക്ഷിയായി.