ഖത്തറിന്റെ വികസനം അതിശയിപ്പിക്കുന്നത് : ഡോ.എ.വി.അനൂപ്
അമാനുല്ല വടക്കാങ്ങര
ദോഹ. വാണിജ്യ വ്യവസായ രംഗങ്ങളിലെന്ന സാമൂഹ്യ സാംസ്‌കാരിക മേഖലകളിലും അടിസ്ഥാന സൗകര്യവികസന രംഗത്തും ഖത്തറിന്റെ വികസനം അതിശയിപ്പിക്കുന്നതാണെന്ന് പ്രമുഖ സംരംഭകനും സിനിമ പ്രവര്‍ത്തകനുമായ ഡോ.എ.വി.അനൂപ് അഭിപ്രായപ്പെട്ടു. ഫിഫ ലോകകപ്പിനായി ദോഹയിലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍കത്തകരുമായി സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് ഈ രാജ്യം സാക്ഷാല്‍ക്കരിച്ച നേട്ടങ്ങള്‍ വിസ്മയകരമാണ്. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയും പ്രായോഗിക കാഴ്ചപ്പാടോടെയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഖത്തറിന്റെ ചാലകശക്തി.
ഏതൊരു വികസിത രാജ്യത്തെയും വെല്ലുന്ന സൗകര്യങ്ങളും സംവിധാനങ്ങളുമൊരുക്കിയാണ് ഖത്തര്‍ ലോകകപ്പിന് ആതിഥ്യമരുളിയത്. ലോകത്തിന്റെ കായിക തലസ്ഥാനമാകുന്നതിനുള്ള എല്ലാ യോഗ്യതയും തങ്ങള്‍ക്കുണ്ടെന്ന് പ്രായോഗികമായി തെളിയിച്ച ഖത്തര്‍ സംഘാടന രംഗത്തും ആസൂത്രണത്തിലും മികച്ച മാതൃകയാണ് സമ്മാനിക്കുന്നത്.
ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ലോകകപ്പിന് വേദിയൊരുക്കിയ ഖത്തര്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന രാജ്യമാണെന്ന് അദ്ദേഹം പറഞ്ഞു.