ലോകകപ്പ് സമയത്ത് 18.2 ദശലക്ഷം യാത്രക്കാര്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പ് സമയത്ത് 18.2 ദശലക്ഷം യാത്രക്കാര്‍ ദോഹ മെട്രോ, ലുസൈല്‍ ട്രാം നെറ്റ് വര്‍ക്കുകള്‍ ഉപയോഗിച്ചു. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ദോഹ മെട്രോ, ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച മൊത്തം യാത്രക്കാരുടെ എണ്ണം 18.2 ദശലക്ഷത്തിലെത്തി. 17.4 ദശലക്ഷം പേര്‍ ദോഹ മെട്രോയും 0.8 ദശലക്ഷേ പേര്‍ ലുസൈല്‍ ട്രാമും ഉപയോഗിച്ചതായി ഖത്തര്‍ റെയില്‍ അറിയിച്ചു. മെട്രോയുടെ പ്രതിദിന ശരാശരി റൈഡര്‍ഷിപ്പ് 600,000 വും ട്രാമിന്റെ പ്രതിദിന ശരാശരി റൈഡര്‍ഷിപ്പ് 27,000 വും ആയിരുന്നു.
നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെയുള്ള കാലയളവില്‍ ദോഹ മെട്രോ ട്രെയിനുകള്‍ മൊത്തം 79,000 ട്രിപ്പുകള്‍ നടത്തി. മൊത്തം 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചു. ടൂര്‍ണമെന്റില്‍ യാത്ര ചെയ്ത യാത്രക്കാരുടെ ആകെ ദൂരം 200 ദശലക്ഷം കിലോമീറ്റര്‍ കവിഞ്ഞു.
ടൂര്‍ണമെന്റിലുടനീളം, പ്രത്യേകിച്ച് ആദ്യ പതിമൂന്ന് ദിവസങ്ങളില്‍ എട്ട് സ്റ്റേഡിയങ്ങളിലായി നാല് ദൈനംദിന മത്സരങ്ങള്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ മെട്രോ, ട്രാം സര്‍വീസുകള്‍ വന്‍ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് ഘട്ടങ്ങളില്‍ ഫിഫയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഹാജര്‍ ഈ ടൂര്‍ണമെന്റിന് ലഭിച്ചതോടെ, ദോഹ മെട്രോയും ലുസൈല്‍ ട്രാമും ഒരു ദിവസം നാല് മത്സരങ്ങള്‍ വരെ പങ്കെടുക്കുന്ന ആരാധകര്‍ക്ക് സുരക്ഷിതവും വിശ്വസനീയവുമായ യാത്രാനുഭവം നല്‍കുന്നതിന് അസാധാരണമായ സംഭാവന നല്‍കി. ഫാന്‍ സോണുകള്‍, ഇവന്റ് ഏരിയകള്‍, നഗരത്തിലുടനീളമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നിരവധി പേര്‍ മെട്രോ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി. ഈ കാലയളവില്‍, ദോഹ മെട്രോ ട്രെയിനുകള്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിനുകളില്‍ ഒന്നായിരുന്നു.