കാല്‍പന്തുകളിയാരാധകരുടെ അഭിമാനമായി ഖത്തര്‍ മഞ്ഞപ്പട
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കാല്‍പന്തുകളിയാരാധകരുടെ അഭിമാനമാണ് കേരള ബ്ലാസ്റ്റേഴ്സ് ഫാന്‍സ് ക്ലബായ ഖത്തര്‍ മഞ്ഞപ്പട. ഖത്തര്‍ ലോകകപ്പിന്റെ തുടക്കം മുതല്‍ അവസാനം വരെ തിളങ്ങി നിന്ന ഈ കൂട്ടായ്മ ഫിഫ ഫാന്‍ ഫെസ്റ്റ് ടെസ്റ്റ് മുതല്‍ ദേശീയ ദിന പരേഡായി മാറിയ അര്‍ജന്റീനയുടെ വിക്ടറി പരേഡ് വരെ നിറഞ്ഞു നിന്നുവെന്ന് മാത്രമല്ല നിറഞ്ഞ ആവേശമാണ് ഇതര രാജ്യക്കാരായ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്‍കിയത്. ഉദ്ഘാടന മത്സരം നടന്ന അല്‍ ബെയ്ത് സ്റ്റേഡിയത്തിലും ഫൈനല്‍ മത്സരം നടന്ന ലുസൈല്‍ സ്റ്റേഡിയത്തിലെ എല്ലാ മത്സരങ്ങളിലും ഖത്തര്‍ മഞ്ഞപ്പട ഫുട്‌ബോള്‍ കാണികളെ വരവേറ്റ് ഫാന്‍ സോണുകളില്‍ ബാന്‍ഡ് പെര്‍ഫോമന്‍സ് കാഴ്ച വെച്ചു.
മത്സരം കാണാനായി എത്തുമ്പോഴും മത്സര ശേഷവും ഫുട്‌ബോള്‍ ആരാധകര്‍ ഖത്തര്‍ മഞ്ഞപ്പടയ്ക്ക് ചുറ്റും ആടിത്തിമിര്‍ത്തൂ. കേരളത്തില്‍ നിന്നും കളി കാണാന്‍ വന്ന സിനിമാ, രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കള്‍ എല്ലാം മഞ്ഞപ്പടയോടൊപ്പം ആഹ്ലാദത്തില്‍ പങ്ക് ചേരാറുണ്ട്.
ഖത്തറിലെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ആവേശം നല്‍കി തുടക്കം കുറിച്ച ഖത്തര്‍ മഞ്ഞപ്പട ഖത്തറിലെ ഫുട്‌ബോള്‍ ഗ്യാലറികളില്‍ നിറ സാന്നിധ്യമാണ്. ക്യു എസ് എല്‍, അമിര്‍ കപ്പ്, അറബ് കപ്പ്, ക്ലബ് ലോകക്കപ്പ് തുടങ്ങിയ ടൂര്‍ണമെന്റുകളിലും ലോകക്കപ്പ് 365 ദിവസത്തെ കൗണ്ട് ഡൗണ്‍ ക്ലോക്ക് അനാച്ഛാദന ചടങ്ങിലും ഫിഫയുടെ ക്ഷണ പ്രകാരം പങ്കെടുത്ത ഖത്തര്‍ മഞ്ഞപ്പടയെ ഖത്തര്‍ ലോകകപ്പിന്റെ നടത്തിപ്പുകാരായ സുപ്രീം കമ്മറ്റി ഓഫ് ഡെലിവറി ആന്‍ഡ് ലെഗസി ഖത്തര്‍ മഞ്ഞപ്പടയെ ലോകക്കപ്പ് സ്റ്റേഡിയത്തിലേ ഫാന്‍സോണുകളില്‍ പങ്കാളികളാക്കി. അല്‍ ബിദ ഫാന്‍ ഫെസ്റ്റ്, കോര്‍ണിഷ്, അല്‍ മെസില്ല ഫാന്‍ സോണ്‍ തുടങ്ങിയ സ്ഥലങ്ങളിലും ഖത്തര്‍ മഞ്ഞപ്പട പങ്കെടുത്തു. ലുസൈല്‍ ബൊളിവാര്‍ഡില്‍ നടന്ന ദേശിയ ദിനത്തോടനുബന്ധിച്ചുള്ള പരേഡും ലോകക്കപ്പ് ജേതാക്കളായ അര്‍ജന്റീനയുടെ വിക്ടറി പരേഡും ഒരുമിച്ചു നടന്നപ്പോള്‍ അതില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘമാണ് ഖത്തര്‍ മഞ്ഞപ്പട. പ്രവാസികളായി ഖത്തറില്‍ ജോലി ഉള്ളവരാണ് ഇതിലെ മുഴുവന്‍ അംഗങ്ങളും എന്നതും ശ്രദ്ധേയമാണ്.