കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ വെട്ടിച്ചുരുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം
അമാനുല്ല വടക്കാങ്ങര
ദോഹ : കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേ വെട്ടിച്ചുരുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും വിമാനത്താവള വികസനത്തിനായി മതിയായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കണമെന്നും ഖത്തര്‍ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിച്ചു.
മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് നിറം നല്‍കിയ കരിപ്പൂര്‍ വിമാനത്താവളം ഈ മേഖലയിലെ ആയിരക്കണക്കിന് പ്രവാസികളുടെ ആശ്രയം കൂടിയാണ്.
റണ്‍വേ വികസനത്തിനായി 15 ഏക്കര്‍ സ്ഥലമാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കേണ്ടത്. ഭൂമിയേറ്റെടുക്കല്‍ നടപടിക്രമങ്ങളിലേക്ക് കടക്കണമെങ്കില്‍ റിക്വിസിഷനിങ് അതോറിറ്റിയായ സംസ്ഥാന ഗതാഗത വകുപ്പ് നഷ്ടപരിഹാര തുകയുടെ അഞ്ചു ശതമാനം കണ്ടിജന്‍സി ചാര്‍ജോ അല്ലെങ്കില്‍ 50 ലക്ഷം രൂപയോ റവന്യു വകുപ്പിന് കൈമാറണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം നടപ്പിലാക്കാന്‍ ശ്രമിക്കാതെ മനഃപൂര്‍വ്വം ഒഴിഞ്ഞു മാറുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്.
കരിപ്പൂരിനുവേണ്ടി അന്‍പതു ലക്ഷം കണ്ടിജന്‍സി ചാര്‍ജ് നല്‍കാന്‍ മടിക്കുന്ന കേരള സര്‍ക്കാര്‍ എവിടെയുമെത്താതെ ഉപേക്ഷിച്ച കെ റെയിലിനു വേണ്ടി ഇതേവരെ 48 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവള വികസനം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ അക്ബര്‍ വെങ്ങശ്ശേരി, റഫീഖ് കൊണ്ടോട്ടി, ഇസ്മായില്‍ ഹുദവി പാണ്ടിക്കാട്, ജബ്ബാര്‍ പാലക്കല്‍ , ശരീഫ് വളാഞ്ചേരി , മുഹമ്മദ് ലൈസ് കുനിയില്‍, മജീദ് പുറത്തൂര്‍ , മുനീര്‍ പട്ടര്‍കടവ്, ഷംസീര്‍ മാനു പ്രസംഗിച്ചു.