Breaking News

ഖത്തറിലെ പൊതുഗതാഗത സംവിധാനത്തില്‍ വിപുലമായ വികസന പദ്ധതികള്‍

അമാനുല്ല വടക്കാങ്ങര

ദോഹ . ഖത്തര്‍ ലോകകപ്പ് സമയത്ത് ഫുട്‌ബോള്‍ ആരാധകര്‍ ഒന്നടങ്കം പ്രശംസിച്ച ഖത്തറിലെ പൊതുഗതാഗത സംവിധാനം വരും വര്‍ഷങ്ങളില്‍ ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന് വിധേയമാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. അല്‍ വക്ര മുതല്‍ അല്‍ ഖോര്‍ വരെയുളള വാട്ടര്‍ ടാക്‌സികളും ദോഹ മെട്രോയുടെ വികസനവുമാണ് ഗതാഗതരംഗത്തെ പ്രധാന വികസന പദ്ധതികളെന്ന് പ്രാദേശിക അറബി ദിനപത്രമായ അല്‍ വതന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദോഹ തുറമുഖം, വെസ്റ്റ് ബേ, പേള്‍-ഖത്തര്‍, ലുസൈല്‍ വഴി അല്‍ ഖോറുമായി അല്‍ വക്രയെ ബന്ധിപ്പിക്കുന്ന വാട്ടര്‍ ടാക്‌സി പദ്ധതിയുടെ തുടക്കത്തില്‍ എട്ട് സ്റ്റേഷനുകളുണ്ടാകും.

വാട്ടര്‍ ടാക്‌സികള്‍ ഖത്തറിലെ പൊതു ഗതാഗത ഓപ്ഷനുകളുടെ ഭാഗമാകുന്നത് ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അനായാസമായ ഗതാഗതം ഉറപ്പാക്കാനും സഹായകമാകും.

നിലവില്‍ മൂന്ന് ലൈനുകളും 37 സ്റ്റേഷനുകളുമുള്ള 76 കിലോമീറ്റര്‍ ശൃംഖലയുള്ള ദോഹ മെട്രോ, മിസഈദ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ തുടങ്ങിയ മേഖലകളിലേക്ക് വികസിപ്പിക്കും.

36 ബില്യണ്‍ ഡോളര്‍ ചെലവ് കണക്കാക്കുന്ന മെട്രോ റെയില്‍ പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മ്മിക്കുക. ഇതോടെ ലോകത്തിലെ ഏറ്റവും ആധുനിക റെയില്‍വേ നെറ്റ് വര്‍ക്കുകളില്‍ ഒന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ റെഡ്, ഗ്രീന്‍, ഗോള്‍ഡ്, ബ്ലൂ എന്നിങ്ങനെ നാല് ലൈനുകളുള്ള 300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു ശൃംഖലയാണ് മെട്രോ വിഭാവനം ചെയ്യുന്നത്.

വിപുലീകരണ പദ്ധതി പ്രകാരം, ദോഹ മെട്രോ റെഡ് ലൈന്‍ മിസഈദ് സിറ്റിയിലേക്കും ഗ്രീന്‍ ലൈന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലേക്കും മുഐതര്‍ ഏരിയയിലേക്കും നീട്ടും. കൂടാതെ 2050 ഓടെ ഒരു പുതിയ ബ്ലൂ ലൈന്‍ ചേര്‍ക്കും. 2026 ഓടെ ഏകദേശം 60 അധിക സ്റ്റേഷനുകള്‍ സിറ്റി മെട്രോ ശൃംഖലയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കോസ്റ്റ് ലൈന്‍ എന്നും അറിയപ്പെടുന്ന റെഡ് ലൈന്‍ തെക്ക് അല്‍ വക്ര മുതല്‍ വടക്ക് ലുസൈല്‍ വരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുന്നു. 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലൈന്‍ ലെഗ്‌തൈഫിയ സ്റ്റേഷന്‍ ഉള്‍പ്പെടെ 18 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്നു, ഇത് യാത്രക്കാരെ ലുസൈല്‍ ട്രാം സര്‍വീസുകളിലേക്ക് മാറ്റാന്‍ അനുവദിക്കും.

ഗ്രീന്‍ ലൈന്‍ അഥവാ എജ്യുക്കേഷന്‍ ലൈന്‍ 22 കിലോമീറ്റര്‍ നീളത്തില്‍ അല്‍ റിഫ മുതല്‍ അല്‍ മന്‍സൂറ വരെ നീളുന്നു. മുഷൈറിബ്, ഹമദ് ഹോസ്പിറ്റല്‍, ഖത്തര്‍ നാഷണല്‍ ലൈബ്രറി, എജ്യുക്കേഷന്‍ സിറ്റി എന്നിവയുള്‍പ്പെടെ 11 സ്റ്റേഷനുകള്‍ ഈ ലൈന്‍ ഉള്‍ക്കൊള്ളുന്നു.

റാസ് ബു അബൂദിനെയും അല്‍ അസീസിയയെയും ബന്ധിപ്പിക്കുന്ന ഗോള്‍ഡ് ലൈന്‍ 14 കിലോമീറ്റര്‍ പാതയില്‍ 11 സ്റ്റേഷനുകളുണ്ട്.

പ്രധാന സി-റിങ് റോഡിലൂടെ വെസ്റ്റ് ബേയെയും എയര്‍പോര്‍ട്ട് സിറ്റി നോര്‍ത്ത് പ്രദേശങ്ങളെയും ബന്ധിപ്പിക്കുകയും നാല് സ്റ്റേഷനുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്ന 17.5 കിലോമീറ്റര്‍ നീളമുള്ള അര്‍ദ്ധവൃത്താകൃതിയിലുള്ള പാതയാണ് ബ്ലൂ ലൈന്‍ അഥവാ സിറ്റി ലൈന്‍.

Related Articles

Back to top button
error: Content is protected !!