ഭക്ഷ്യസുരക്ഷയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ഖത്തര്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഭക്ഷ്യസുരക്ഷയില്‍ വന്‍ കുതിച്ചുചാട്ടം നടത്തി ഖത്തര്‍. പച്ചക്കറികള്‍, കന്നുകാലികള്‍, മത്സ്യം എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യ ഉല്‍പ്പാദനത്തില്‍ 2022-ല്‍ രാജ്യത്തിന്റെ സ്വയംപര്യാപ്തത ഉയര്‍ത്തുന്നതില്‍ ഖത്തര്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചാണ് ഭക്ഷ്യസുരക്ഷയില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയത്.
ഖത്തര്‍ ദേശീയ ഭക്ഷ്യസുരക്ഷാ തന്ത്രം 2018-2023 പ്രകാരം മുനിസിപ്പാലിറ്റി മന്ത്രാലയം പ്രാദേശിക പച്ചക്കറികളുടെയും മുട്ടയുടെയും ഉത്പാദനം 70 ശതമാനമായും മത്സ്യം 90 ശതമാനമായും ചെമ്മീന്‍ 100 ശതമാനമായും മാംസത്തിന്റെ ഉത്പാദനം 30 ശതമാനമായും വര്‍ധിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ ആരംഭിച്ചു.
പ്രാദേശിക പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത 2017ല്‍ 20 ശതമാനത്തില്‍ നിന്ന് 2022ല്‍ 46 ശതമാനമായി വര്‍ധിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഡയറക്ടര്‍ ഡോ. മസൂദ് ജറല്ല അല്‍ മര്‍റി പ്രസ്താവനയില്‍ പറഞ്ഞു.
കന്നുകാലി ഉല്‍പ്പാദന മേഖലയില്‍, പാലിലും അതിന്റെ ഉല്‍പന്നങ്ങളിലും സ്വയംപര്യാപ്തതയുടെ ശതമാനം 2017-ല്‍ 28% ആയിരുന്നത് 2022-ല്‍ 100% ആയി ഉയര്‍ന്നതിനാല്‍, മൃഗങ്ങളുടെ ഉല്‍പന്നങ്ങളില്‍ സ്വയംപര്യാപ്തതയുടെ അളവ് മെച്ചപ്പെട്ടതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പര്യാപ്തത നിരക്ക് നാലിരട്ടിയായി വര്‍ദ്ധിച്ചു.
ഫ്രഷ് ബ്രോയിലര്‍ കോഴിയിറച്ചിയുടെ ഉല്‍പാദനത്തിലെ സ്വയംപര്യാപ്തത 2017-ല്‍ 50%-ല്‍ നിന്ന് 2022-ല്‍ 100% ആയും മുട്ടകള്‍ 2017-ല്‍ 14%-ല്‍ നിന്ന് 2022-ല്‍ 36% ആയും വര്‍ധിച്ചു. രാജ്യത്തെ മാംസത്തിന്റെ സ്വയം പര്യാപ്തത നിരക്ക് 2017 ല്‍ 13% ല്‍ നിന്ന് ഏകദേശം 18% ആയി ഉയര്‍ന്നു, ഏകദേശം 38% വര്‍ധന. ഡയറി, ഫ്രഷ് ബ്രോയിലര്‍ ചിക്കന്‍ എന്നിവയുടെ സ്വയം പര്യാപ്തത നിരക്ക് 100% ആയി സ്ഥിരപ്പെടുത്താനും 2023 ഓടെ മുട്ടയുടെ സ്വയംപര്യാപ്തത 70% ആയും റെഡ് മീറ്റിന്റെ നിരക്ക് 30% ആയും ഉയര്‍ത്തുക എന്നതാണ് ഭക്ഷ്യ സുരക്ഷാ തന്ത്രം ലക്ഷ്യമിടുന്നത്.
രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ കാര്‍ഷികകാര്യ വകുപ്പ് പ്രാദേശിക കര്‍ഷകര്‍ക്ക് നല്‍കിയ പിന്തുണയുടെ ഫലമായി ഖത്തര്‍ ഈന്തപ്പഴ ഉല്‍പാദനത്തില്‍ 82 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചു.