Archived Articles

ഖത്തറില്‍ ദോഹക്കപ്പുറമുള്ള കമ്മ്യൂണിറ്റികളിലേക്ക് എത്തിച്ചേരാന്‍ ദാദു ഓണ്‍ ടൂര്‍ പദ്ധതിയുമായി ഖത്തറിലെ ചില്‍ഡ്രന്‍സ് മ്യൂസിയമായ ദാദു

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ ചില്‍ഡ്രന്‍സ് മ്യൂസിയമായ ദാദു, ഖത്തറിലുടനീളമുള്ള കമ്മ്യൂണിറ്റികള്‍ക്കായി ഒരു പഠന-സമ്പര്‍ക്ക സംരംഭം – ‘ഡാഡു ഓണ്‍ ടൂര്‍’ ആരംഭിച്ചു.

രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങളും സംസ്‌കാരവും സമൂഹത്തിന് തിരികെ നല്‍കാനും വൈവിധ്യമാര്‍ന്ന പ്രേക്ഷക അടിത്തറ വളര്‍ത്താനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അല്‍ വക്ര മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ജനുവരി 15 ന് അല്‍ വക്രയിലെ അല്‍ ഒവൈന ഫാമിലി പാര്‍ക്കില്‍ ആരംഭിച്ച ‘ഡാഡു ഓണ്‍ ടൂര്‍’ പ്രവര്‍ത്തനങ്ങളിലൊന്നായ ‘പ്ലേ, ലേണ്‍, എക്‌സ്‌പ്ലോര്‍’ ആക്ടിവേഷന്‍ വിജയകരമായി മുന്നേറുകയാണ്. ഇത് ഫെബ്രുവരി 4 വരെ തുടരും.

ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യത്തെ പൊതു ധനസഹായമുള്ള ദേശീയ സ്ഥാപനമെന്ന നിലയില്‍, രാജ്യത്തെ സാംസ്‌കാരിക, പാരിസ്ഥിതിക, സാമൂഹിക ആവാസവ്യവസ്ഥയെ സമ്പന്നമാക്കുന്നതിനുള്ള കൂട്ടായ ശ്രമത്തിന്റെ ഭാഗമാണിത്. ഖത്തറിന്റെ സര്‍ഗ്ഗാത്മകവും വരാനിരിക്കുന്നതുമായ തലമുറയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ദോഹ നഗരത്തിനപ്പുറം ഖത്തറിലുടനീളമുള്ള കമ്മ്യൂണിറ്റികളിലേക്ക് എത്തിച്ചേരാന്‍ ‘ഡാഡു ഓണ്‍ ടൂര്‍’ ലക്ഷ്യമിടുന്നു. ഇത് ഈ കമ്മ്യൂണിറ്റികളിലെയും സമീപ പ്രദേശങ്ങളിലെയും കുട്ടികള്‍ക്ക് പാഠ്യ പാഠ്യേതര രംഗങ്ങളില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ സഹായകമാകും.

ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സമയത്ത് ദാദു ഗാര്‍ഡന്‍സില്‍ 7,000-ത്തിലധികം സന്ദര്‍ശകര്‍ ദാദുവിന്റെ ‘പ്ലേ, ലേണ്‍, എക്‌സ്‌പ്ലോര്‍’ ആസ്വദിച്ചിരുന്നു. ഇപ്പോള്‍ ‘ഡാഡു ഓണ്‍ ടൂര്‍’ സംരംഭം ഭൂമിശാസ്ത്രത്തിന്റെയും ഗതാഗതത്തിന്റെയും തടസ്സങ്ങള്‍ നീക്കി പുതിയ പ്രേക്ഷകരിലേക്ക് ഈ അനുഭവം എത്തിക്കുന്നു.

പ്രാദേശിക സംസ്‌കാരം, ചരിത്രം, പൈതൃകം എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുന്നതിനൊപ്പം പ്രശ്‌നപരിഹാരം, നിരീക്ഷണം, വായന എന്നിവ പോലുള്ള കുട്ടികളുടെ ശാരീരികവും ബൗദ്ധികവുമായ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനാണ് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നത്.

ദാദു, ഖത്തറിലെ ചില്‍ഡ്രന്‍സ് മ്യൂസിയം കുട്ടികളുടെ വികസനത്തിന് നൂതനമായ ഇടങ്ങളും വിഭവങ്ങളും നല്‍കുന്നതിലൂടെ സുസ്ഥിരവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള കുടുംബങ്ങളുടെയും അധ്യാപകരുടെയും ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. പഠനത്തെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിവിധ തരത്തിലുള്ള ഗെയിമുകള്‍ ഉപയോഗിച്ച് ഓരോ കുട്ടിയുടെയും തനതായ ആവശ്യങ്ങളിലും വികസന ഘട്ടത്തിലും മ്യൂസിയം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ആദ്യത്തെ ‘പ്ലേ, ലേണ്‍, എക്‌സ്‌പ്ലോര്‍’ എന്നിവയുടെ ആസ്ഥാനമായ ദാദു ഗാര്‍ഡന്‍, പൂന്തോട്ടം വീണ്ടും തുറക്കുന്നതോടെ പൊതുജനങ്ങള്‍ക്കായി ഉടന്‍ ലോഞ്ച് ചെയ്യുന്ന പുതിയ പ്രോഗ്രാമുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്, https://qm.org.qa/en/about-us/dadu-childrens-museum-qatar/ സന്ദര്‍ശിക്കുക

Related Articles

Back to top button
error: Content is protected !!