Breaking News

ഖത്തറില്‍ സന്ദര്‍ശകര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഫെബ്രുവരി 1-ന് ആരംഭിക്കും: പൊതുജനാരോഗ്യ മന്ത്രാലയം

അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറില്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആദ്യഘട്ടം 2023 ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) അറിയിച്ചു. ഇതനുസരിച്ച് ഖത്തറിലെത്തുന്ന എല്ലാ സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്കണം.

എല്ലാ സന്ദര്‍ശകരും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമില്‍ പരിരക്ഷിക്കപ്പെടുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഖത്തറിനുള്ളിലെ ആരോഗ്യ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച 2021 ലെ നിയമം (22) അനുസരിച്ചാണിത്. പദ്ധതി സുഗമമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി നടപ്പാക്കുന്നത്. 2023 ഫെബ്രുവരി ഒന്നിന് ഖത്തറിലേക്കുള്ള സന്ദര്‍ശകരുമായി ആദ്യ ഘട്ടം ആരംഭിക്കും.

പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ലഭ്യമാക്കുന്നത് ഉള്‍പ്പെടെ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്.

സന്ദര്‍ശകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പോളിസി അടിയന്തര, അപകട സേവനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്നതാണ്. വിസക്ക് അപേക്ഷിക്കുമ്പോഴും വിസ നീട്ടുമ്പോഴും പ്രതിമാസം 50 റിയാല്‍ പ്രീമിയം നല്‍കുന്നതാണ് ഏറ്റവും കുറഞ്ഞ സ്‌കീം. എന്നാല്‍ അധിക സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും സന്ദര്‍ശകന് നേടാനാകും. ഇന്‍ഷുറന്‍സ് കമ്പനികളുടെ നിലവാരമനുസരിച്ച് അത്തരം പോളിസികളുടെ പ്രീമിയം വ്യത്യാസപ്പെടാം.

പൊതുജനാരോഗ്യ മന്ത്രാലയം വെബ്സൈറ്റില്‍ ലഭ്യമായ ലിങ്കുകള്‍ വഴി സന്ദര്‍ശകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളിലൊന്ന് തിരഞ്ഞെടുക്കാം. ഖത്തറിലേക്കുള്ള സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം. കാരണം സന്ദര്‍ശക വിസ ലഭിക്കുന്നതിനുള്ള ആവശ്യകതകളിലൊന്നായി ആരോഗ്യ ഇന്‍ഷുറന്‍സ് പരിഗണിക്കപ്പെടും. സന്ദര്‍ശക വിസ നീട്ടുമ്പോഴും ഇതേ നടപടിക്രമം ബാധകമാണ്.

അന്താരാഷ്ട്ര ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളുള്ള സന്ദര്‍ശകര്‍ക്ക്, ഇന്‍ഷുറന്‍സ് പോളിസിയില്‍ ഖത്തര്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ രാജ്യത്ത് താമസിക്കുന്ന സമയത്ത് സാധുതയുള്ളതും പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നിന്റെ അംഗീകാരമുള്ളതും ആയിരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു.

ആരോഗ്യ ഇന്‍ഷുറന്‍സ് നിയന്ത്രിക്കുന്നതിനും, ഫലപ്രദവും സുസ്ഥിരവുമായ ആരോഗ്യ പരിരക്ഷാ സംവിധാനത്തിലൂടെ, ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകളും ആരോഗ്യ സംരക്ഷണ ചെലവുകള്‍ നിയന്ത്രിക്കലുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പൊതുജനാരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളുടെ ലിസ്റ്റിനും  https://www.moph.gov.qa/english/derpartments/policyaffairs/hfid/Pages/Health-Insurance-Scheme.aspx

ഈ ലിങ്ക് സന്ദര്‍ശിക്കുക.

Related Articles

Back to top button
error: Content is protected !!