ഖത്തറില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവന്ന് റിപ്പോര്‍ട്ട്. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ (പിഎച്ച്‌സിസി) നേതൃത്വത്തിലുള്ള ഖത്തറിന്റെ ദേശീയ ബ്രെസ്റ്റ് ആന്‍ഡ് ബവല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പ്രോഗ്രാമായ ‘സ്‌ക്രീന്‍ ഫോര്‍ ലൈഫ്’ 2022-ല്‍ സ്തനാര്‍ബുദവും കുടല്‍ അര്‍ബുദവും നേരത്തേ കണ്ടെത്തുന്നതില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു.
2022-ല്‍ ഖത്തറില്‍ 13,753 പേര്‍ സ്‌ക്രീന്‍ ഫോര്‍ ലൈഫ് സ്‌ക്രീനിങ്ങിന് വിധേയരായിട്ടുണ്ട്. അവരില്‍ 5,838 പേര്‍ സൗജന്യമായി ബവല്‍ ക്യാന്‍സര്‍ സ്‌ക്രീനിങ്ങിന് വിധേയരായപ്പോള്‍ 7,918 പേര്‍ സ്തനാര്‍ബുദത്തിനുള്ള മാമോഗ്രാം സ്‌ക്രീനിംഗ് നടത്തി. . രാജ്യത്ത് ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ക്യാന്‍സറുകള്‍ ഇവ രണ്ടുമാണ്.
അല്‍ വക്ര, ലീബൈബ്, റൗദത്ത് അല്‍ ഖൈല്‍ ഹെല്‍ത്ത് സെന്ററുകളിലോ അല്ലെങ്കില്‍ സ്‌ക്രീന്‍ ഫോര്‍ ലൈഫ് മൊബൈല്‍ യൂണിറ്റ് വഴിയോയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. മിക്ക കാന്‍സറുകളും തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ഭേദമാക്കാമെന്നതിനാല്‍ ഇത്തരം സ്‌ക്രീനിംഗ് വളരെ പ്രധാനമാണ്.
‘സ്‌ക്രീന്‍ ഫോര്‍ ലൈഫ്’ പിന്തുണ ആരംഭിക്കുന്നത് സമര്‍പ്പിത കോള്‍ സെന്ററിലെ (8001112) ജീവനക്കാര്‍ യോഗ്യരായ ആളുകളെ ബന്ധപ്പെടുകയും അവരെ ഒരു സ്‌ക്രീനിംഗില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.
നിലവില്‍, 45 നും 69 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം കണ്ടെത്തുന്നതിന് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ സൗജന്യ മാമോഗ്രാം ചെയ്യാം. അതുപോലെ 50-74 പ്രായപരിധിയിലുള്ള ആര്‍ക്കും രണ്ടു വര്‍ഷത്തിലൊരിക്കല്‍ സൗജന്യകുടല്‍ കാന്‍സര്‍ പരിശോധനയ്ക്ക് വിധേയരാകാം.