ഖത്തറിലെ ആദ്യ ദേശീയ പ്രീപെയ്ഡ് കാര്‍ഡ് ‘ഹിമ്യാന്‍’ ലോഞ്ച് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വ്യാപാരമുദ്രയുള്ള ആദ്യ ദേശീയ പ്രീപെയ്ഡ് കാര്‍ഡായ ‘ഹിമ്യാന്‍’ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യുസിബി) ഔദ്യോഗികമായി ലോഞ്ച് ചെയ്തു .
ദേശീയ പ്രീപെയ്ഡ് കാര്‍ഡ് ഇപ്പോള്‍ ബാങ്കുകളില്‍ ലഭ്യമാണ്. രാജ്യത്തിനകത്ത് എല്ലാ വില്‍പ്പന കേന്ദ്രങ്ങളിലും എടിഎമ്മുകളിലും ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് ഇടപാടുകളിലും ഇത് ഉപയോഗിക്കാം.
ഖത്തറില്‍ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം വികസിപ്പിക്കുന്നതിനും രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ അനായാസവും കാര്യക്ഷമവുമാക്കുകയും ചെയ്യുന്നതിനുള്ള സെന്‍ട്രല്‍ ബാങ്കിന്റെ ശ്രമങ്ങള്‍ക്ക് അനുസൃതമായാണ് ഈ സംരംഭം.
ക്യുഐഐബിയും ഖത്തര്‍ ഇസ് ലാമിക് ബാങ്കും ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി ‘ഹിമ്യാന്‍’ ലഭ്യത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പുരാതന അറേബ്യയിലെ വ്യാപാരികള്‍ ഉപയോഗിച്ചിരുന്ന പണ സഞ്ചിയുടെ പേരില്‍ അറിയപ്പെടുന്ന ‘ഹിമ്യാന്‍’ ആഗോള പേയ്മെന്റ് നെറ്റ്വര്‍ക്കുകള്‍ നല്‍കുന്ന ഇലക്ട്രോണിക് കാര്‍ഡുകള്‍ക്ക് സമാനമാണ്.
ഹിമ്യാന്‍ കാര്‍ഡ് ഇഷ്യു ചെയ്യുന്നതിന് മിനിമം ബാലന്‍സ് ആവശ്യമില്ല, എന്നതും പല കോണ്‍ടാക്റ്റ്‌ലെസ് ഫീച്ചറുകളും ഉള്‍പ്പെടുന്നുവെന്നതും ഈ കാര്‍ഡിനെ സവിശേഷമാക്കും.
നാപ്‌സ് നെറ്റ്വര്‍ക്ക് വഴി പ്രാദേശികമായി ഇടപാടുകള്‍ നടത്തുന്നതിനാല്‍ പ്രീപെയ്ഡ് കാര്‍ഡ് ‘കൂടുതല്‍ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു’. അതുപോലെ തന്നെ ‘വിതരണക്കാര്‍ക്കും ഏറ്റെടുക്കുന്നവര്‍ക്കും വ്യാപാരികള്‍ക്കും കുറഞ്ഞ ഇടപാട് ഫീസാണ് ഈ കാര്‍ഡ് ഈടാക്കുന്നത്.