ഖത്തര്‍ മഞ്ഞപ്പടക്ക് ഇനി ഫുട്‌ബോള്‍ ടീമും
ദോഹ : ഖത്തറിലെ കളിയാരവങ്ങളില്‍ സജീവ സാന്നിധ്യമായ കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് ഗ്രൂപ്പായ ഖത്തര്‍ മഞ്ഞപ്പട തങ്ങളുടെ ഫുട്‌ബോള്‍ ടീമിന്റെ പ്രഖ്യാപനവും ജഴ്‌സി പ്രകാശനവും നടത്തി. റേഡിയോ സുനോ സ്റ്റുഡിയോവില്‍ വച്ചു നടന്ന ചടങ്ങില്‍ മുന്‍ ഐ.എസ്.സി പ്രസിഡണ്ടും ഖത്തറിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ സജീവ പ്രവര്‍ത്തകനുമായ ഡോ. മോഹന്‍ തോമസ് ജേഴ്‌സി പ്രകാശനം നിര്‍വ്വഹിച്ചു.
2017 മുതല്‍ ഖത്തറിലെ ഓരോ ഫുട്‌ബോള്‍ വേദികളിലും നിറസാന്നിധ്യമായ ഖത്തര്‍ മഞ്ഞപ്പടക്ക് ഖത്തറും ഫിഫയും നല്‍കിയ അംഗീകാരമാണ് ഖത്തര്‍ ലോകകപ്പിലെ നിറസാന്നിധ്യവും ഖത്തര്‍ ദേശീയ ദിനത്തില്‍ ലോകക്കപ്പ് ജേതാക്കളുടെ പരേഡില്‍ ലഭിച്ച അവസരങ്ങളും. ഇത് ഇന്ത്യന്‍ ജനതയുടെ വിശിഷ്യാ മലയാളികളുടെ അഭിമാനമാണെന്ന് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് അദ്ധേഹം പറഞ്ഞു.
ഖത്തറിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയില്‍ പെട്ട ഫുട്‌ബോള്‍ താരങ്ങള്‍ക്കും വളര്‍ന്ന് വരുന്ന യുവ താരങ്ങള്‍ക്കും കളിക്കാനുള്ള അവസരം ഖത്തര്‍ മഞ്ഞപ്പട ഇതിലൂടെ ഒരുക്കുകയാണെന്ന് മഞ്ഞപ്പടയുടെ സ്ഥാപക അംഗം സവാദ് അബ്ദുല്‍ സലാം പറഞ്ഞു. മാനേജ്മന്റ് കമ്മറ്റി അംഗങ്ങളായ ഏണസ്റ്റ് ഫ്രാന്‍സിസ്, ഷാജി പട്ടാമ്പി, ശ്യാം പരവൂര്‍, നിയാസ് കൊട്ടപ്പുറം, ജാബിര്‍, നിഖില്‍, അശ്വിന്‍, ബാലുമോന്‍, അജിത്, സുബനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.