ഹമദ് തുറമുഖം പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ ഇന്നലെ തുറമുഖത്തെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: എംവി ബെര്‍ലിന്‍ എക്സ്പ്രസിന്റെ വരവോടെ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പല്‍ ഹമദ് തുറമുഖത്തെത്തിയതായി അധികൃതര്‍.
ജര്‍മ്മന്‍ ഷിപ്പിംഗ് ലൈനര്‍ ഹപാഗ് ലോയിഡിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഈ കപ്പല്‍ 400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ളതാണ്. ഡ്രാഫ്റ്റ് (വാട്ടര്‍ലൈനും കപ്പലിന്റെ ആഴമേറിയ സ്ഥലവും തമ്മിലുള്ള ദൂരം) 16 മീറ്ററാണ്. എല്‍എന്‍ജി ഡ്യുവല്‍-ഫ്യുവല്‍ പ്രൊപ്പല്‍ഡ് കപ്പല്‍ ജര്‍മ്മനിയുടെ പതാകയിലാണ് സര്‍വീസ് നടത്തുന്നത്. 23,664 ടിഇയു ( ട്വന്റി ഫീറ്റ് ഈക്വലന്റ് യൂണിറ്റ് )ചരക്ക് വഹിക്കാന്‍ കഴിയും.
ഹമദ് തുറമുഖത്തിന്റെ പ്രവര്‍ത്തനം 2016 ഡിസംബറില്‍ ആരംഭിച്ചെങ്കിലും, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ മേല്‍നോട്ടത്തില്‍ 2017 സെപ്റ്റംബര്‍ 5 നാണ് തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.
മവാനി ഖത്തര്‍ നിയന്ത്രിക്കുന്നതും ഗതാഗത മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഹമദ് തുറമുഖം, മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ്. 7.5 ദശലക്ഷം ഇരുപത് അടി തുല്യ യൂണിറ്റുകളുടെ (ടിഇയു) വാര്‍ഷിക ശേഷിയുള്ള തുറമുഖം ഖത്തര്‍ ദേശീയ ദര്‍ശനം 2030 ന്റെ ദീര്‍ഘകാല ഭൗതിക പ്രകടനമാണ്.