Breaking NewsUncategorized

ഖത്തര്‍ കെ.എം.സി.സി മുന്‍ നേതാവ് എടയാടി ബാവഹാജി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ കെ.എം.സി.സി മുന്‍ നേതാവ് എടയാടി ബാവഹാജി നാട്ടില്‍ നിര്യാതനായി. മുസ് ലിം ലീഗ് നേതാവും ഖത്തര്‍ കെ.എം.സി.സി.മലപ്പുറം ജില്ലാ പ്രസിഡണ്ടുമായിരുന്ന എടയാടി ബാവഹാജി ഇന്നലെ രാത്രിയാണ് നിര്യാതനായത്. 72 വയസ്സായിരുന്നു. കെ.എം.സി.സി.സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

പ്രവാസം മതിയാക്കി വിശ്രമ ജീവിതം നയിക്കുന്നതിനിടയില്‍ ക്യാന്‍സര്‍ ബാധിച്ച ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചികില്‍സയിലായിരുന്നു.
ഖത്തറില്‍ കെ.എം.സി.സി. സ്ഥാപിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരില്‍പെട്ട അദ്ദേഹം നാല് പതിറ്റാണ്ടിലേറെകാലം സാമൂഹ്യ സാംസ്‌കാരിക സേവന മേഖലകളില്‍ സജീവമായിരുന്നു. അറുപത് പിന്നിട്ടപ്പോഴും യുവാവിന്റെ പ്രസരിപ്പോടെ സംഘടനാ വേദികളില്‍ ആവേശം വിതറിയ നേതാവായിരുന്നുവെന്നും സദാ സമയം സുസ്‌മേര വദനനായും ഊര്‍ജ്ജസ്വലനായും പ്രവര്‍ത്തന രംഗത്ത് നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നുവെന്നുമൊക്കെയാണ് അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നത്.

ഫാത്വിമയാണ് ഭാര്യ. ഉസ്മാന്‍ , ശറഫുദ്ധീന്‍ , സെലീന , സമീന ,ഫസീല എന്നിവര്‍ മക്കളും റസാഖ് , ഷബീര്‍ , നവാസ് ,നജ്ല ബാനു ,ഷെറിന്‍ എന്നിവര്‍ മരുമക്കളുമാണ് .

മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം 4.30 ന് മുട്ടനൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

ബാവഹാജിയുടെ വീടിൻ്റെ ലൊക്കേഷൻ

https://maps.app.goo.gl/mWgtumv1iW6kqsy36

Related Articles

Back to top button
error: Content is protected !!