ഐസിസി ഇന്റര്‍സ്‌കൂള്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ 14 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു
ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഇന്റര്‍സ്‌കൂള്‍ ഡാന്‍സ് ഫെസ്റ്റിവലില്‍ 14 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. മത്സരത്തില്‍ ഭരത്‌നാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ 3 സോളോ ക്ലാസിക്കല്‍ നൃത്തരൂപങ്ങളില്‍ നിന്നുള്ള പ്രകടനങ്ങളും ഇന്ത്യന്‍ നാടോടി ഗാനങ്ങള്‍ക്കായുള്ള ഒരു ഗ്രൂപ്പ് മത്സരവുമാണ് ഉണ്ടായിരുന്നത്. ഡോ. ഗായത്രി സുബ്രഹ്‌മണ്യന്‍, രേഖ സതീഷ് എന്നിവരടങ്ങിയ 2 വിധികര്‍ത്താക്കളെ പ്രത്യേകമായി ഇന്ത്യയില്‍നിന്ന് കൊണ്ട് വന്നാണ് മല്‍സരങ്ങളുടെ മൂല്യനിര്‍ണയം ടത്തിയത്.
ഈ മത്സരം ഐസിസി മാനേജിംഗ് കമ്മിറ്റിയുടെ സ്വപ്നമാണെന്ന് ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ വിശദീകരിച്ചു. മുഖ്യാതിഥി ഡോ. മനീഷ തണ്ടാലെ, സമൂഹത്തിന് ഇത്തരം മത്സരങ്ങള്‍ നടത്തേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞു. വിജയത്തേക്കാള്‍ പ്രധാനം ഇവന്റില്‍ പങ്കെടുക്കുകയാണെന്ന് രണ്ട് വിധികര്‍ത്താക്കളും ഊന്നിപ്പറഞ്ഞു.ഐസിസിയുടെ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ തലവന്‍ ശന്തനു ദേശ്പാണ്ഡെ സ്വാഗതവും വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു നന്ദിയും പറഞ്ഞു.
സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മേധാവി സുമ ഗൗഡ പരിപാടിയുടെ അവതാരകനായി. ഐ സി സി സംഘാടക സമിതി ചെയര്‍മാന്‍ പി എന്‍ ബാബുരാജന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുള്‍ റഹ്‌മാന്‍, ഐ സി സി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വിജയികളെ മുഖ്യാതിഥിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പങ്കെടുത്ത എല്ലാവര്‍ക്കും ഐസിസി പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും നല്‍കി.