ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി

ദോഹ. പുതുതായി ചാര്‍ജെടുത്ത ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ വിപുലുമായി കെ.എം.സി.സി. ഖത്തര്‍ സംസ്ഥാന ഭാരവാഹികള്‍ എംബസ്സി ആസ്ഥാനത്ത് കൂടിക്കാഴ്ച്ച നടത്തി. ഖത്തറിലെ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ഇന്ത്യന്‍ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ സ്തുത്യര്‍ഹവും ശ്ലാഘനീയവുമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ടറിയാമെന്നും, അനിവാര്യമായ പല സന്ദര്‍ഭങ്ങളിലും കെ.എം.സി.സിയുടെ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും അംബാസിഡര്‍ പറഞ്ഞു.
ജന നന്മകള്‍ ലക്ഷ്യമാക്കിയുള്ള കെ.എം.സി.സിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും അംബാസഡര്‍ ആശംസകള്‍ നേര്‍ന്നു. ഖത്തറില്‍ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുള്‍പ്പടെയുള്ള കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എംബസ്സിയുടെ ഭാഗത്ത് നിന്നും വലിയ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്നും, എംബസ്സിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യപ്പെടുന്ന മുറക്ക് കെ.എം.സി.സിയുടെ സഹകരണമുണ്ടാവുമെന്നും കൂടിക്കാഴ്ചയില്‍ ഭാരവാഹികള്‍ അംബാസിഡറെ അറിയിച്ചു .
പ്രസിഡണ്ട് ഡോ. അബ്ദുസമദ്, ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, മറ്റു ഭാരവാഹികളായ കെ മുഹമ്മദ് ഈസ, അന്‍വര്‍ ബാബു, സിദ്ധീഖ് വാഴക്കാട്, താഹിര്‍ താഹക്കുട്ടി, സാദിഖ് വി.ടി.എം, സല്‍മാന്‍ എളയടം തുടങ്ങിയവര്‍ പങ്കെടുത്തു.