ഖത്തര്‍ റെയില്‍ അഞ്ച് ലുസൈല്‍ ട്രാം സ്റ്റേഷനുകള്‍ പുനര്‍നാമകരണം ചെയ്തു
ദോഹ.ഖത്തര്‍ റെയില്‍വേ കമ്പനി (ഖത്തര്‍ റെയില്‍) ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കിനുള്ളില്‍ നിലവിലെ ഓറഞ്ച് ലൈനിലെ അഞ്ച് സ്റ്റേഷനുകളുടെ പേര് മാറ്റുമെന്ന് പ്രഖ്യാപിച്ചു. എനര്‍ജി സിറ്റി സൗത്ത് സ്റ്റേഷന്‍ ഇനി മുതല്‍ അല്‍ വെസില്‍ എന്നറിയപ്പെടും. ലുസൈല്‍ സെന്‍ട്രലിന്റെ പുതിയ പേര് ടാര്‍ഫത്ത് സൗത്ത് എന്നാണ്. എസ്പ്ലനേഡ് മറീന – നോര്‍ത്ത് എന്നറിയപ്പെടും. മറീന പ്രൊമെനേഡിന്റെ പുതിയ പേര് മറീന – സെന്‍ട്രല്‍ എന്നാണ്. മറീന സ്റ്റേഷന്‍ ഇനി മറീന – സൗത്ത് എന്നറിയപ്പെടും. ഓറഞ്ച് ലൈനില്‍ ഏഴ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ലുസൈല്‍ ട്രാം നെറ്റ്വര്‍ക്കിനായുള്ള പ്രിവ്യൂ സേവനത്തിന്റെ ആദ്യ ഘട്ടം ഖത്തര്‍ റെയില്‍ 2022 ന്റെ തുടക്കത്തിലാണ് ആരംഭിച്ചത്. ബാക്കിയുള്ള സ്റ്റേഷനുകള്‍ക്കും നെറ്റ്വര്‍ക്ക് ലൈനുകള്‍ക്കുമായി കമ്പനി നിലവില്‍ റോഡ് ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഓറഞ്ച്, പിങ്ക്, പര്‍പ്പിള്‍, ടര്‍ക്കോയ്‌സ് എന്നീ നാല് ലൈനുകളിലായി 25 സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്ന ലുസൈല്‍ ട്രാം ശൃംഖല ലുസൈല്‍ നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍, റെസിഡന്‍ഷ്യല്‍ ടവറുകള്‍, സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍, മറീന ഏരിയ, നഗരത്തിനുള്ളിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങള്‍ തുടങ്ങിയ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലും പ്രദേശങ്ങളിലും സേവനം നല്‍കുന്നു.