Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

പ്രവാചകപ്പെരുമയില്‍ പ്രശോഭിച്ച സ്നേഹാദരം

ദോഹ:തനിമ തുമാമ സോണ്‍ ഒരുക്കിയ പ്രവാചകപ്പെരുമയും സ്നേഹാദര ചടങ്ങും വേറിട്ട അനുഭവമായി..ഹൃദ്യമായ സംഗീത വിരുന്നിലെ മഹനീയമായ നിമിഷങ്ങളില്‍ തനിമയുടെ ആദരം ഏറ്റുവാങ്ങിയ പ്രതിഭകള്‍ക്ക് അഭിമാന മുഹൂര്‍ത്തങ്ങളായി.

പ്രവാചക പ്രഭുവിന്റെ ജീവിതത്തിലെ അനര്‍ഘനിമിഷങ്ങളും ചരിത്രത്തില്‍ തുല്യതയില്ലാത്ത മഹിതമായ ജീവിതത്തിലെ മാനവിക മാനുഷിക മൂല്യങ്ങളുടെ വര്‍ണ്ണനാതീതമായ മുഹുര്‍ത്തങ്ങളും കോര്‍ത്തിണക്കിയ ‘ഖസ്വയില്‍’ പ്രേക്ഷകര്‍ അലിഞ്ഞില്ലാതായി.

അനസ് എടവണ്ണയുടെ സംവിധാനത്തില്‍ അന്‍വര്‍ ഷമീം , ഷബീബ് അബ്ദുല്‍ റസാഖ് , അനീസ് എടവണ്ണ , റഫീഖ് , ഷഫീഖ് നയിച്ച സംഗീത ശില്‍പം പ്രവാചക പെരുമയുടെ മാസ്മരികമായ ആന്തോളനങ്ങള്‍ ആസ്വാദക ഹൃദയങ്ങളില്‍ തേന്‍വര്‍ഷം പെയ്തിറക്കി.

തനിമയോടൊപ്പം പതിറ്റാണ്ടുകളുടെ പ്രവാസ പാരമ്പര്യമുള്ള കവിയും കലാകാരനുമായ അസീസ് മഞ്ഞിയിലിനും പുതിയ തലമുറയിലെ മാപ്പിള സംഗീത ശ്രേണിയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ ഗായകന്‍ മുഹമ്മദലി വടകരക്കും സ്നേഹാദരമര്‍പ്പിക്കുന്ന ചടങ്ങിനും സദസ്സ് സാക്ഷിയായി.

സി.ഐ.സിയുടെയും തനിമയുടെയും കേന്ദ്ര – സോണല്‍ നേതൃത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഉപഹാരങ്ങള്‍ സമര്‍പ്പിച്ചത്.സി.ഐ.സി ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്,സോണല്‍ വൈസ് പ്രസിഡണ്ടുമാരായ അന്‍വര്‍ ഷമീം,നബീല്‍ പുത്തൂര്‍,സോണല്‍ ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ സാഹിബ്, തനിമ അസി.ഡയറക്ടര്‍ ജസീം സി.കെ ,തനിമ സോണല്‍ കോഡിനേറ്റര്‍ മുഹമ്മദ് അസ്ലം സാഹിബ് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

മാപ്പിളപ്പാട്ടിന്റെ രാജപ്പക്ഷികള്‍ പാടിപ്പതിപിച്ചതും,കാലഭേദമന്യേ ആസ്വാദകര്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്നതും പുതുമതീരാത്തതും തനതു രാഗ ശ്രുതി ലയ സ്വര ഭാവത്തോടെ അവതരിപ്പിച്ച ഗായകര്‍ മുഹമ്മദലി വടകര , റാഫി , അഷ്‌റഫ് , ഇല്‍ഫ അസീസ് , ഇല്‍ഹാം മുഹമ്മദ് ബിലാല്‍ , സല്‍മ , ഷാഹിദ എംടി എന്നിവര്‍ സദസ്സിന്റെ മുക്തകണ്ഠ പ്രശംസക്ക് അര്‍ഹരായി.

സോണല്‍ കോഡിനേറ്റര്‍ മുഹമ്മദ് അസ്ലം സാഹിബിന്റെ സ്വാഗത ഭാഷണത്തിന് ശേഷം സി.ഐ.സി തുമാമ സോണ്‍ വൈസ് പ്രസിഡണ്ട് നബീല്‍ പുത്തൂര്‍ പ്രവാചക പെരുമക്ക് പ്രാരംഭം കുറിച്ചു .

ഫാജിസ് ഖുര്‍ആന്‍ പാരായണം നടത്തി.സന അബ്ദുല്‍ ഹമീദ് പ്രാര്‍ഥനാ ഗീതം ആലപിച്ചു.സാങ്കേതിക സഹായം സ്വലാഹുദ്ദീന്‍ മുണ്ടുമുഴി.

Related Articles

Back to top button