2023 ല്‍ 20 ലക്ഷത്തിലധികം ഔട്ട്‌പേഷ്യന്റ് സന്ദര്‍ശനങ്ങളും 21 ദശലക്ഷത്തിലധികം ലാബ് പരിശോധനകളുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഗള്‍ഫ് മെഖലയിലെ ആരോഗ്യ സേവന രംഗത്തെ ശ്രദ്ധേയമായ ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ സേവനങ്ങളില്‍ പുതിയ നാഴികക്കല്ലുകള്‍ അടയാളപ്പെടുത്തിയ വര്‍ഷമായിരുന്നു 2023. കോര്‍പറേഷന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലായി 20 ലക്ഷത്തിലധികം ഔട്ട്‌പേഷ്യന്റ് സന്ദര്‍ശനങ്ങളും 21 ദശലക്ഷത്തിലധികം ലാബ് പരിശോധനകളുമാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറ്റവും മികച്ച ചികില്‍സാ സൗകര്യങ്ങളാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നല്‍കുന്നത്. 2023 ല്‍ 2,835,791 സന്ദര്‍ശനങ്ങള്‍ ഔട്ട്‌പേഷ്യന്റ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തതും 21 ദശലക്ഷത്തിലധികം പരിശോധനകള്‍ നടത്തിയ ലബോറട്ടറിയും ഇക്കാര്യമാണ് സാക്ഷ്യപ്പെടുത്തുന്നത്.
കണക്കുകള്‍ പ്രകാരം 2023 ല്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ 60,090 ല്‍ അധികം ശസ്ത്രക്രിയകള്‍ നടത്തി. അത്യാഹിത വിഭാഗത്തിന് 1,327,249-ലധികം സന്ദര്‍ശനങ്ങള്‍ ലഭിച്ചു.
2023-ല്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആംബുലന്‍സ് സേവനത്തിന് ലഭിച്ച കോളുകളുടെ എണ്ണം 296,026-ലധികം കോളുകളിലെത്തിയപ്പോള്‍ ഹമദ് കോര്‍പ്പറേഷന്‍ ആശുപത്രികളിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ച കേസുകളുടെ എണ്ണം 2,461-ലധികമായി.
നസ് മഅക കസ്റ്റമര്‍ സര്‍വീസ് ഹോട്ട്ലൈന് 1,189,935 അന്വേഷണങ്ങള്‍ ലഭിച്ചു. ഫാര്‍മസികളില്‍ 7,428,873 പ്രിസ്‌ക്രിപ് ഷനുകള്‍ കൈകാര്യം ചെയ്തു.
2023ല്‍ 21,686,820 ലബോറട്ടറി പരിശോധനകളും 742,333 എക്‌സ്-റേകളും നടത്തി. കഴിഞ്ഞ വര്‍ഷം വൃക്ക ഡയാലിസിസ് യൂണിറ്റുകളില്‍ 119,763 രോഗികളുടെ സന്ദര്‍ശനങ്ങള്‍ രേഖപ്പെടുത്തി. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ 66 മസ്തിഷ്‌ക ദാതാക്കളില്‍ നിന്ന് കരള്‍, വൃക്ക, ശ്വാസകോശം മാറ്റിവയ്ക്കല്‍ ഉള്‍പ്പെടെ 85 അവയവമാറ്റ ശസ്ത്രക്രിയകളും കോര്‍പ്പറേഷന്‍ പൂര്‍ത്തിയാക്കി.