എഴുത്തുകള്‍ എഴുത്തുകാരന് അനശ്വരതയേകുന്നു- മുഹമ്മദ് ഹനീഷ്
ദോഹ: എഴുത്തുകാരന്റെ സര്‍ഗസിദ്ധിയിലൂടെ ജനിച്ചുവീഴുന്ന അക്ഷരക്കൂട്ടുകള്‍ സമൂഹം ഏറ്റെടുക്കുകയും ആവര്‍ത്തിച്ച് വായിക്കുകയും ചെയ്യുന്നതിലൂടെ സംസ്‌കാരം പ്രോജ്ജ്വലമാവുകയും എഴുത്തുകാരന് അനശ്വരത കൈവരികയും ചെയ്യുന്നുവെന്ന് കേരള ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വ്യവസായവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
ഗള്‍ഫ്മാധ്യമം ഖത്തര്‍ സംഘടിപ്പിച്ച ‘എജുകഫേ’യില്‍ പങ്കെടുക്കാനായി ദോഹയിലെത്തിയ അദ്ദേഹം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം ഒരുക്കിയ സ്വീകരണത്തില്‍ ‘എഴുത്തിലെ നിഷ്പക്ഷതയും കാണാപ്പുറങ്ങളും’ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു.
എഴുതിയ പുസ്തകങ്ങളുടേയും പേജുകളുടെയും എണ്ണ-വണ്ണങ്ങള്‍ക്കുപരി ഉള്ളടക്കത്തിന്റെ കരുത്തും കാതലും സൗന്ദര്യവുമാണ് എഴുത്തുകാരനും കൃതിശില്‍പ്പത്തിനും അനശ്വരതയേകുന്നത്. അതിന് ചിലപ്പോള്‍ നാലു വരി കവിത മാത്രം മതിയാവും.
‘അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി.. അതിനുള്ളില്‍ ആനന്ദ ദീപം കൊളുത്തി’ എന്നെഴുതിയ കവി പന്തളം രാമന്‍പിള്ള അതിന് മുമ്പോ ശേഷമോ കാര്യമായൊന്നും എഴുതിയതായി അറിവില്ല. പക്ഷെ അദ്ദേഹത്തെ നാം എന്നും ഓര്‍ക്കുന്നു.
എഴുത്തുകാരന്റെ നിഷ്പക്ഷത ആപേക്ഷികമാണ്. പൂര്‍ണ്ണമായ നിഷ്പക്ഷത എന്നൊന്നില്ല. അദ്ദേഹം പറഞ്ഞു.
ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ സമൂഹവുമായി പങ്ക് വക്കേണ്ടി വരുമ്പോഴും സ്‌നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും നൂലിഴ പൊട്ടാതിരിക്കാനുള്ള സൂക്ഷ്മത എഴുത്തുകാരന്‍ ദീക്ഷിക്കേണ്ടിയിരിക്കുന്നു.
മാനവ ചരിത്രം വിവിധ ഘട്ടങ്ങളിലൂടെ വികസിച്ച് ഒരു ആഗോള ഗ്രാമം എന്ന നിലയിലേക്ക് ചുരുങ്ങിയിട്ടുണ്ടെന്നത് ടെക്‌നോളജി വികസനത്തിന്റെയും വിമാനങ്ങളുടെ സര്‍വ്വീസ് ഫ്രീക്വന്‍സിയുടെയും കാര്യത്തില്‍ ശരിയാണ്. അതേസമയം മനുഷ്യമനസ്സുകള്‍ തമ്മിലുള്ള അകലം കുറയുകയല്ല, കൂടുകയാണുണ്ടായത്. ലാറ്റിനമേരിക്കയുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവലതുപക്ഷം തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തില്‍ വരുന്നത് അതിന്റെ തെളിവാണ്. ഹനീഷ് കൂട്ടിച്ചേര്‍ത്തു.
ഖിയാഫ് പ്രസിഡന്റ് ഡോ. സാബു കെ.സി. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജന. സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ സ്വാഗതം പറഞ്ഞു. ഖിയാഫ് അംഗങ്ങളുടെ ചോദ്യോത്തരങ്ങള്‍ക്ക് ശേഷം വൈസ് പ്രസിഡന്റ് ശ്രീകല ഗോപിനാഥ് ചര്‍ച്ച ഉപസംഹരിച്ചു.