Breaking NewsUncategorized

കേരള ബജറ്റ്, പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് കള്‍ച്ചറല്‍ ഫോറം

ദോഹ : കേരള നിയമസഭയില്‍ കെ. എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റ് പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാണിച്ചതെന്ന് കള്‍ച്ചറല്‍ ഫോറം സെക്രട്ടേറിയറ്റ് അഭിപ്രായപെട്ടു.വിവിധ പ്രവാസി പദ്ധതികള്‍ക്കായുള്ള ബജറ്റ് വീതം വര്‍ദ്ധിപ്പിക്കാത്ത സര്‍ക്കാര്‍ രണ്ട് പദ്ധതികളുടെ വിഹിതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറയ്ക്കുകയാണ് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് പതിനായിരക്കണക്കിന് പ്രവാസികള്‍ നാട്ടില്‍ തിരിച്ചെത്തുന്ന ഈ ഘട്ടത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയം തൊഴിലിനും പുനരധിവാസത്തിനും ഒരു പരിഗണനയും ഈ വര്‍ഷത്തെ ബജറ്റ് നല്‍കിയിട്ടില്ല. തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയംതൊഴില്‍ സംരംഭങ്ങളുടെ പ്രോത്സാഹനത്തിനായി കേവലം 25 കോടി രൂപ മാത്രമാണ് ബജറ്റില്‍ നീക്കിവെച്ചത്. കഴിഞ്ഞ ബജറ്റിലും ഇതേ തുക തന്നെയായിരുന്നു അനുവദിച്ചിരുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി കഴിഞ്ഞവര്‍ഷം 50 കോടി രൂപയാണ് വകയിരുത്തിയിരുന്നതെങ്കില്‍ ഈ വര്‍ഷം അത് 44 കോടി രൂപയാക്കി വെട്ടിച്ചിരിക്കുകയാണ് ചെയ്തത്. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള ഒറ്റത്തവണ സഹായത്തിന്റെ ഭാഗമായുള്ള സ്വാന്തന പദ്ധതിക്കും ഈ വര്‍ഷം ആവശ്യമായ വിഹിതം മാറ്റി വെച്ചിട്ടില്ല.

കൊറോണക്ക് ശേഷമുള്ള പ്രവാസി പ്രശ്‌നങ്ങളെ അതിന്റെ ഗൗരവത്തില്‍ കൈകാര്യം ചെയ്യാന്‍ ഭരണകൂടങ്ങള്‍ മുന്നോട്ടുവരണമെന്നും പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റ് വീതം വര്‍ദ്ധിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

ജനകീയ ബദലിനെ കുറിച്ച് നിരന്തരം സംസാരിക്കുന്ന ഇടതുപക്ഷം കേരളത്തിലെ ധനകാര്യനയം കോര്‍പ്പറേറ്റ് താല്പര്യ സംരക്ഷിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുകയാണ്. പരമ്പരാഗത തൊഴില്‍ വ്യവസായ മേഖലകള്‍ക്ക് പരിഗണനകള്‍ നല്‍കാതെ ആരോഗ്യ, വിദ്യാഭ്യാസ, ടൂറിസം മേഖലകളില്‍ വിദേശ നിക്ഷേപങ്ങളെ കുറിച്ചാണ് ബജറ്റ് സംസാരിക്കുന്നത്. സാധാരണക്കാരന് ആശ്വാസമാകുന്ന ക്ഷേമ പെന്‍ഷനുകളില്‍ ഒരു രൂപയുടെ വര്‍ദ്ധന പോലും വരുത്താത്തത് പ്രതിഷേധം ആണെന്നും കള്‍ച്ചര്‍ ഫോറം സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

കള്‍ച്ചര്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ സാദിഖ് ചെന്നാടന്‍, നജ്ല നജീബ്, റഷീദ് അലി, മജീദ് അലി, അനീസ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറിമാരായ അഹമ്മദ് ഷാഫി, താസീന്‍ അമീന്‍, ട്രഷറര്‍ ഷരീഫ് ചിറക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു

Related Articles

Back to top button
error: Content is protected !!