2025 ഡിസംബറില്‍ അറബ് കപ്പിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ ശ്രമിക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫയുടെയും യൂണിയന്‍ ഓഫ് അറബ് ഫുട്‌ബോള്‍ അസോസിയേഷന്റെയും കുടക്കീഴില്‍ 2025 ഡിസംബറില്‍ അറബ് കപ്പിന്റെ പുതിയ പതിപ്പിന് ഖത്തര്‍ ആതിഥേയത്വം വഹിക്കാന്‍ ശ്രമിക്കുന്നതായി കായിക യുവജന മന്ത്രി ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി പറഞ്ഞു. അറബ് കപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം ഖത്തര്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു.
ഗള്‍ഫ് കപ്പ് 2024 ഡിസംബറില്‍ കുവൈറ്റില്‍ നടക്കുമെന്നും ഒരു ബ്രോഡ്കാസ്റ്ററുമായുള്ള അഭിമുഖത്തില്‍ മന്ത്രി വെളിപ്പെടുത്തി.
2023-ലെ ഏഷ്യന്‍ കപ്പ് ലോകകപ്പിന്റെ നല്ല ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. ആരാധകരുടെ എണ്ണത്തിലും ടൂര്‍ണമെന്റുകളുടെ നടത്തിപ്പിലും ഖത്തര്‍ എഡിഷന്‍ സവിശേഷമായി. സ്റ്റേഡിയങ്ങളില്‍ ആരാധകരുടെ എണ്ണം 1.5 ദശലക്ഷം കവിഞ്ഞത് ഏഷ്യന്‍ കപ്പിലെ ചരിത്ര റെക്കോര്‍ഡാണ്.
പ്രധാന കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തര്‍ കൈവരിച്ച വിജയങ്ങള്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള കഴിവ് തെളിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.