ഖത്തറില്‍ ബിന്‍ ദിര്‍ഹം കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ കോടതി വിധി പുറപ്പെടുവിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിനെ നടുക്കിയ ബിന്‍ ദിര്‍ഹം കെട്ടിടം തകര്‍ന്നതുമായി ബന്ധപ്പെട്ട് ഖത്തര്‍ കോടതി വിധി പുറപ്പെടുവിച്ചു. 2023 മാര്‍ച്ച് 22 ന് മന്‍സൂറയിലെ നാല് നില കെട്ടിടം തകര്‍ന്ന കേസില്‍ ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
മന്‍സൂറയിലെ തകര്‍ന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന കോണ്‍ട്രാക്ടിംഗ് ഏജന്‍സിയുടെ ഡയറക്ടര്‍ക്ക് 5 വര്‍ഷം തടവ്, കമ്പനിയുടെ കണ്‍സള്‍ട്ടന്റിന് 3 വര്‍ഷത്തെ തടവ്, കെട്ടിടത്തിന്റെ ഉടമസ്ഥനായ പ്രതിക്ക് ഒരു വര്‍ഷത്തേക്ക് തടവ് എന്നിങ്ങനെയാണ് ശിക്ഷ. എന്നാല്‍ കെട്ടിട ഉടമയ്ക്ക് ജയില്‍ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
ആവശ്യമായ അനുമതികളും മുന്നൊരുക്കങ്ങളുമില്ലാതെ അറ്റകുറ്റപ്പണികള്‍ നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് 2023 ഏപ്രില്‍ 18-ന് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രാരംഭ പ്രസ്താവനയെ തുടര്‍ന്ന് കോടതി വിശദമായ അന്വേഷണം നടത്തിയാണ് വിധി പ്രസ്താവിച്ചത്.