മെഡിസിന്‍ പ്രൊഫഷനും ബിസിനസ് പാഷനുമായി ഒരു സംരംഭക
അമാനുല്ല വടക്കാങ്ങര
മെഡിസിന്‍ പ്രൊഫഷനും ബിസിനസ് പാഷനുമായി ഒരു സംരംഭക എന്ന ഒറ്റ വാചകം മതിയാകും ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷൈല സിറാജുദ്ധീനെ പരിചയപ്പെടുത്താന്‍. പ്രചോദനാത്മക ചിന്തയും സ്ത്രീ ശാക്തീകരണത്തിന്റെ മനസ്സുമായി സംരംഭക മേഖലയില്‍ ശോഭിക്കുന്ന അവരുടെ കര്‍മപഥങ്ങള്‍ പുതിയ തലമുറക്ക് ആവേശമാണ്. പോസിറ്റീവ് ചിന്തകളും ആത്മ വിശ്വാസവും കൈമുതലാക്കിയാണ് ഡോ. ഷൈല സിറാജുദ്ധീന്റെ ജൈത്രയാത്ര. പുഞ്ചിരിക്കുന്ന മുഖവുമായല്ലാതെ ഈ ഡോക്ടറെ കാണാന്‍ പ്രയാസം. എന്നും കൂടെയുള്ളവര്‍ക്കും രോഗികള്‍ക്കും പോസിറ്റീവ് എനര്‍ജി പകര്‍ന്നു നല്‍കുന്ന ഈ സംരംഭകയുമായി എത്രനേരം സംസാരിച്ചിരുന്നാലും ബോറടിക്കില്ല.
കുട്ടികളുടെ വളര്‍ച്ചയുടെ പ്രാരംഭ ഘട്ടങ്ങളില്‍ അമ്മയുടെ തണലും തലോടലും പൂര്‍ണമായും അവര്‍ക്ക് നല്‍കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഏതാനും വര്‍ഷം മെഡിക്കല്‍ പ്രാക്ടീസില്‍ നിന്നും മാറി നിന്ന ഡോ. ഷൈല പിന്നീട് കൂടുതല്‍ ഊര്‍ജസ്വലതയോടെ രംഗത്തെത്തിയാണ് തന്റെ നിയോഗം ഏറ്റെടുത്തത്. മക്കളും താല്‍പര്യത്തോടെ അമ്മയുടെ കാല്‍പാടുകള്‍ പിന്തുടരന്നുവെന്നത് ഓരു രക്ഷിതാവെന്ന നിലക്ക് ഡോ. ഷൈലയുടെ സായൂജ്യമാകും. മൂത്ത മകള്‍ ഫാത്തിമ എംബിബിഎസ് ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥിനിയാണ്. രണ്ടാമത്തെ മകള്‍ മറിയം പത്താം ക്‌ളാസിലും ഇളയ മകന്‍ താമിര്‍ മാലിക് ഏഴാം ക്‌ളാസിലും പഠിക്കുന്നു.
തവക്കല്‍ താജ് എന്നറിയപ്പെടുന്ന പ്രവാസി വ്യാവസായി സിറാജദ്ധീന്റേയും ലൈബ ബീവിയുടേയും ഇളയ മകളായാണ് ഡോ. ഷൈല ജനിച്ചത്. മകള്‍ ഒരു ഡോക്ടറാവണമെന്നും സാമൂഹ്യ സേവനം നടത്തണമെന്നുമൊക്കെയായിരുന്നു പിതാവിന്റെ ആഗ്രഹം.
പിതാവിന്റെ ആഗ്രഹത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച ഡോ ഷൈല മെഡിസിന്‍ പഠിച്ച് നാട്ടില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ വൈദ്യ സേവനമനുഷ്ഠിച്ചു. ക്രമേണ ഡോ. ഷൈലയിലെ സംരംഭക ഉയര്‍ത്തെഴുന്നേല്‍ക്കുകയും സ്വന്തമായി ക്‌ളിനിക്കുകള്‍ ആരംഭിക്കുകയും ചെയ്തു.
ഏസ്‌തെറ്റിക് മെഡിസിനില്‍ ഫെലോഷിപ്പ് നേടി കോസ്മറ്റോളജി കോഴ്‌സ് പൂര്‍ത്തിയാക്കി നാട്ടില്‍ ആരംഭിച്ച ഡോ. ഷൈലാസ് സ്‌കിന്‍ ആന്റ് കോസ്മറ്റോളജി ക്‌ളിനികും ഡോക്ടേര്‍സ് ക്‌ളിനിക്കും വിജയകരമായി നടക്കുന്നതിനിടയിലാണ് ഗള്‍ഫ് മേഖലയിലേക്ക് തിരിഞ്ഞത്. പ്രവാസ ലോകത്തെ പിതാവിന്റെ ബിസിനസ് പാരമ്പര്യവും ബന്ധങ്ങളും ഈ ദൗത്യത്തിന് പ്രചോദനമായിരിക്കാം.
പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുചിക്കുന്ന ഖത്തറില്‍ തവക്കല്‍ താജ് എന്ന പേരില്‍ ട്രേഡിംഗ് ആരംഭിച്ച ഡോ. ഷൈല താമസിയാതെ തന്നെ ഇബ്തിസാം മെഡിക്കല്‍ സെന്റര്‍ ഏറ്റെടുത്താണ് ആതുരസേവന രംഗത്തെ ഗള്‍ഫിലെ തന്റെ ആദ്യ സംരംഭത്തിന് തുടക്കം കുറിച്ചത്. ജനറല്‍ പ്രാക്ടീഷണര്‍ , ഡെന്റല്‍, ഡെര്‍മറ്റോളജി എന്നീ മൂന്ന് വിഭാഗങ്ങളാണ് നിലവില്‍ ഇബ്തിസാം മെഡിക്കല്‍ സെന്ററിലുളളത്.
സ്ത്രീ ശാക്തീകരണവും സംരംഭകത്വവും ലക്ഷ്യം വെച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ മെഡിക്കല്‍ സെന്ററുകള്‍ എന്ന സ്വപ്‌നവുമായാണ് ഈ യുവസംരംഭക മുന്നേറുന്നത്. താമസിയാതെ കൂട്ടുകാരികളുമൊത്ത് റാസല്‍ ഖൈമയില്‍ ക്‌ളിനിക് ആരംഭിക്കാനൊരുങ്ങുകയാണവര്‍. ക്രമേണ മറ്റു ഗള്‍ഫ് രാജ്യങ്ങളിലും സാന്നിധ്യം അടയാളപ്പെടുത്തണം.
സ്ത്രീകള്‍ കാലത്തിനൊത്ത് ഉയരണമെന്നും വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടേയും ശക്തരാവണമെന്നുമാണ് ഡോ.ഷൈലയുടെ കാഴ്ചപ്പാട്. സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കുന്നതോടൊപ്പം സമൂഹത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും തങ്ങളുടെ ക്രിയാത്മകമായ പങ്കാളിത്തം നിറവേറ്റുവാന്‍ വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കണം. പ്രൊഫഷണല്‍ യോഗ്യതകള്‍ നേടി വീടകങ്ങളില്‍ ഒതുങ്ങിക്കൂടുന്ന സ്ത്രീകളെ തൊഴില്‍ മേഖലകളിലേക്ക് കൊണ്ടുവരുന്നതിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പ്രചോദനവും നല്‍കുന്നതിനും സമൂഹം ശ്രദ്ധിക്കണമെന്നാണ് ഡോ. ഷൈലയുടെ അഭിപ്രായം.