കെഎംസിസി ഇടപെടല്‍, നിയമക്കുരുക്കില്‍ കുടുങ്ങിയ യുവാവ് നാട്ടിലെത്തി
ദോഹ. ഖത്തറില്‍ വാഹനാപകടത്തില്‍ സഹപ്രവര്‍ത്തകനായ ബംഗ്ലാദേശ് സ്വദേശിയുടെ ദാരുണ മരണത്തെ തുടര്‍ന്ന് നിയമക്കുരുക്കിലും യാത്രാ വിലക്കിലും അകപ്പെട്ട യുവാവിന് മൂന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്താനായി. മരണപ്പെട്ട വ്യക്തിയുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കാന്‍ കോടതി വിധി ഉണ്ടായിരുന്നെങ്കിലും അപകടത്തിന് കാരണക്കാരനായ വയനാട് സ്വദേശിയുടെ ലൈസന്‍സ് സാങ്കേതിത്വം മൂലം ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ കേസിലാണ് യാത്രാവിലക്ക് ഉണ്ടായത്. തുടര്‍ന്ന് നാല് മാസത്തോളം ജയിലില്‍ തടവിലായിരുന്ന അബ്ദുല്‍ അസീസ് എന്ന യുവാവിന് ഖത്തര്‍ കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ: അബ്ദുല്‍ സമദ്, ഹെല്‍പ്പ് ഡെസ്‌ക് – ഗൈഡ് ഖത്തര്‍ ചെയര്‍മാന്‍ ജാഫര്‍ തയ്യില്‍, ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ: മുബാറക് താനൂര്‍ തുടങ്ങിയവരുടെ ഇടപെടലാണ് മോചനത്തിന് വഴിയൊരുക്കിയത്. കേസിന്റെ തുടക്കത്തില്‍ ഐസിബിഎഫ് നടത്തിയ ശ്രമങ്ങളാണ് അനുകൂലവിധിയിലെത്തിച്ചതെങ്കിലും നിര്‍ഭാഗ്യവശാല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ കേസിലെ വിധി നാട്ടില്‍ പോകാന്‍ വിലങ്ങ് തടിയാവുയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി കെഎംസിസി ഗൈഡ് ഖത്തര്‍ നടത്തിയ ശ്രമത്തിന്റെ ഫലമായാണ് കോടതി വിധിച്ച പിഴ സംഖ്യ സ്വരൂപിച്ച് അടക്കാനും യാത്രാ വിലക്ക് നീക്കാനും സാധിച്ചത്. ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ലീഗല്‍ സെല്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ജീവിത ദുരിതത്തിലായ സഹോദരന് താങ്ങായി കൂടെയുണ്ടായിരുന്നു. പ്രായാധിക്യമുള്ള രോഗികളായ മാതാപിതാക്കളുടെ കണ്ണീരോടെയുള്ള നിരന്തര വിളികളും പാണക്കാട് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുടെ ഇടപെടലുകളും പരിഹാര നടപടികള്‍ ത്വരിതപ്പെടുത്തിയെന്ന് ജാഫര്‍ തയ്യില്‍ പറഞ്ഞു.