ഖുര്‍ആന്‍ മുസാബഖ – ഓണ്‍ലൈന്‍ ക്വിസ് മത്സരം സമാപിച്ചു
ദോഹ. 50 ദിവസങ്ങളായി ഖത്തറിലെ മലയാളി സമൂഹം നെഞ്ചിലേറ്റിയ ഖുര്‍ആന്‍ മുസാബഖ – ഓണ്‍ലൈന്‍ ക്വിസ് മത്സരം സമാപിച്ചു. വെളിച്ചം അഞ്ചാം സമ്മേളനത്തിനു മുന്നോടിയായി നടത്തപ്പെട്ട ഖുര്‍ആന്‍ മുസാബഖ ഓണ്‍ലൈന്‍ ക്വിസ് മല്‍സരങ്ങള്‍ വളരെ മികവാര്‍ന്ന നിലയില്‍ പൂര്‍ത്തീയായതായി സംഘാടകരായ വെളിച്ചം ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു. 50 ദിനങ്ങളിലായി ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ കുട്ടികളും മുതിര്‍ന്നവരും വെവ്വേറെ ഗ്രൂപ്പുകളിലായി ആവേശപൂര്‍വ്വം മാറ്റുരച്ചു. ദിവസവും 10 പേരെ നറുക്കെടുപ്പിലൂടെ വിജയികളായി തെരഞ്ഞെടുത്ത ക്വിസ് മത്സരങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തതായും ഉന്നത നിലവാരം പുലര്‍ത്തിയതായും സംഘാടകര്‍ അഭിപ്രായപ്പെട്ടു.
കൂടാതെ, 50 ദിനങ്ങളില്‍ ആയി പങ്കെടുത്തവരില്‍ നിന്നും ഏറ്റവും അധികം ശരിയുത്തരങ്ങള്‍ നല്‍കിയവര്‍ക്ക് വെളിച്ചം സംഗമം നടക്കുന്ന ദിവസം ഗ്രാന്‍ഡ് ഫൈനല്‍ ഉണ്ടാകുമെന്നും സ്വര്‍ണനാണയങ്ങളും ഉംറ ട്രിപ്പ് തുടങ്ങിയ ആകര്‍ഷക സമ്മാനങ്ങള്‍ ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ഖുര്‍ആന്‍ മുസാബഖ വിങ് ചെയര്‍മാന്‍ ഖലീല്‍ പരീദ് , കണ്‍വീനര്‍ ഷമീര്‍ പി കെ എന്നിവരുടെ നേതൃത്വത്തില്‍ വളരെ ഭംഗിയായും അച്ചടക്കത്തോടെയും ആണ് ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തിയതെന്നും മത്സരത്തിന്റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിച്ച മഹ്റൂഫ് , ഫെബിന്‍ , നജീബ് , മുന്‍ദിര്‍ , ഉമ്മര്‍ , അജ്മല്‍ എന്നിവരുടെ പ്രയത്‌നത്തെ സംഘാടക സമിതി പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു .കൂടെ ഖുര്‍ആന്‍ മുസാബഖ വന്‍ വിജയമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച എല്ലാ മല്‍സരാര്‍ത്ഥികര്‍ക്കും,സ്‌പോണ്‍സര്‍മാര്‍ക്കും സമിതി പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു .
വ്യത്യസ്തമായ ഖുര്‍ആന്‍ മുസാബഖ മത്സരങ്ങള്‍ ഇനിയും ഉണ്ടാകും എന്നും , ഖുര്‍ആന്‍ പഠനം പ്രോല്‍സാഹിപ്പിച്ചു കൊണ്ടുള്ള വെളിച്ചം സംരംഭങ്ങളിലും, ആസന്നമായ 5-ം വെളിച്ചം സമ്മേളനത്തിലും ഭാഗഭാക്കാകാന്‍ എല്ലാവരോടും വെളിച്ചം സംഘാടകര്‍ആഹ്വാനംചെയ്തു.