പ്രവാസികളോടുള്ള വിമാനക്കമ്പനികളുടെ സമീപനം പ്രതിഷേധാര്‍ഹം: ക്യു.കെ.ഐ.സി
ദോഹ: മധ്യവേനലവധിക്കാലത്ത് നാടണയാന്‍ കൊതിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുകയും യാത്രാ സൗകര്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന വിമാന കമ്പനികളുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ഖത്തര്‍ കേരളാ ഇസ് ലാഹി സെന്റര്‍ കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.
ജീവിതം കരുപ്പിടിപ്പിക്കാന്‍ കടല്‍ കടന്നെത്തിയ പ്രവാസികളെ കറവപ്പശുവായി മാത്രം കാണുകയും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന അവധിക്കാലത്ത് അവരെ പരമാവധി പിഴിയുകയും ചെയ്യുക എന്ന രീതി കാലങ്ങളായി തുടര്‍ന്ന് വരുന്നു. ഇതില്‍ മാറ്റം വരുത്താന്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന ഭരണകര്‍ത്താക്കള്‍ പരാജിതരായി മാറിയതായും കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
അവധിക്കാല യാത്ര ആസൂത്രണം ചെയ്ത് യാത്രക്കായി ഒരുങ്ങുന്ന ഈ സമയം തന്നെ ജീവനക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തിന് തിരഞ്ഞെടുക്കുക കൂടി ചെയ്തത് യാത്രാ ദുരിതം കൂട്ടാന്‍ കാരണമായതായി കൗണ്‍സില്‍ വിലയിരുത്തി.
പ്രവാസികള്‍ യാതൊരു മാനുഷിക പരിഗണന പോലും അര്‍ഹിക്കുന്നില്ല എന്ന നിലക്കുള്ള ഈ സമീപനം മാറ്റപ്പെടേണ്ടതായുണ്ടെന്നും അതിനായി ശക്തമായ ഒരു നീക്കം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നു ഉണ്ടാവേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് കെ.ടി ഫൈസല്‍ സലഫിയുടെ അദ്ധ്യക്ഷതയില്‍ സലത ജദീദ് ക്യു.കെ.ഐ.സി ഹാളില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ജന:സെക്രട്ടറി മുജീബുറഹ്‌മാന്‍ മിശ്കാത്തി, സ്വലാഹുദ്ദീന്‍ സ്വലാഹി, ഖാലിദ് കട്ടുപ്പാറ, മുഹമ്മദലി മൂടാടി, ഉമര്‍ ഫൈസി മുതലായവര്‍ പങ്കെടുത്തു സംസാരിച്ചു.