തൊഴിലാളികള്‍ക്കായി കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ച് ഐ.സി. ബി.എഫ്
ദോഹ. ഇന്ത്യന്‍ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി കാരംസ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ജൂലൈ 19 വെള്ളിയാഴ്ച ഐ. സി. ബി. എഫ് കാഞ്ചാനി ഹാളില്‍ ഡബിള്‍സ് കാറ്റഗറിയില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ 32 ടീമുകള്‍ പങ്കെടുത്തു.
ഏതാണ്ട് എട്ട് മണിക്കൂര്‍ നീണ്ട വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ അഹമ്മദ് മുള്ള – സൗദ് അന്‍സാരി ടീം ടൂര്‍ണ്ണമെന്റ് ജേതാക്കളായി. അഫ്‌സല്‍ യൂസഫ് – യു.പി. അഫ്‌സല്‍ സലാം ടീം രണ്ടാം സ്ഥാനവും, റാഷിദ് ഖാന്‍ – കാഷിഫ് ഷേഖ് ടീം മൂന്നാം സ്ഥാനവും, കതിരവന്‍ മാരിയപ്പന്‍ – മുഹമ്മദ് യൂസഫ് ടീം നാലാം സ്ഥാനവും കരസ്ഥമാക്കി.
മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ ടൂര്‍ണ്ണമെന്റ് കോര്‍ഡിനേറ്ററും, ഐ.സി.ബി എഫ് യുവജനക്ഷേമ വിഭാഗം മേധാവിയുമായ സമീര്‍ അഹമ്മദ് സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ സംസാരിച്ച ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, തൊഴിലാളി സമൂഹത്തോടുള്ള ഐ.സി. ബി.എഫിന്റെ പ്രതിബദ്ധത ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്നതും, അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് വേദിയൊരുക്കുന്നതും ആയിരുന്നു ഈ ടൂര്‍ണ്ണമെന്റ് എന്ന് അഭിപ്രായപ്പെട്ടു.
ഐ.സി. ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗം ശങ്കര്‍ ഗൗഡ് നന്ദി പറഞ്ഞു. ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ പരിപാടികള്‍ ഏകോപിപ്പിച്ചു.
ഐ.സി.ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, മന്നായി കോര്‍പ്പററേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് സാഥിക് ബാഷ ഷംസുദ്ദീന്‍, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സമീര്‍ അഹമ്മദ്, ശങ്കര്‍ ഗൗഡ്, അബ്ദുള്‍ റൗഫ്, കുല്‍വീന്ദര്‍ സിംഗ് എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.