‘കൊല്ലം ജില്ലയുടെ 75 വര്‍ഷങ്ങള്‍’ – പ്രവാസി വെല്‍ഫെയര്‍ ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു
ദോഹ. കൊല്ലം ജില്ല രൂപീകൃതമായി 75 വര്‍ഷങ്ങള്‍ പിന്നിട്ടതിനോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയര്‍ കൊല്ലം ജില്ലകമ്മിറ്റി ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. വേണാട് രാജ്യത്തിന്റെ തലസ്ഥാനവും പ്രാചീന ഇന്ത്യയിലെ പ്രധാന തുറമുഖവും വ്യാപാര കേന്ദ്രവുമായിരുന്ന കൊല്ലത്തിന്റെ ചരിത്ര പ്രാധാന്യത്തെ ഉദ്ഘാടന പ്രസംഗത്തില്‍ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹന്‍ വിശദീകരിച്ചു. പ്രവാസ ലോകത്തെ വിവിധ മേഖലകളില്‍ നിന്നുള്ള കൊല്ലം നിവാസികള്‍ പരിപാടിയില്‍ പങ്കെടുത്തു. ജില്ലയുടെ പ്രതീക്ഷകളും പ്രതിസന്ധികളും അംഗങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു. മറ്റു ജില്ലകള്‍ വ്യത്യസ്ത മേഖലകളില്‍ മുന്നേറുമ്പോള്‍ പരമ്പരാഗത വ്യവസായങ്ങളിലും അടിസ്ഥാന വികസനത്തിലും ജില്ല നേരിടുന്ന വെല്ലുവിളികളെ ചര്‍ച്ച ചെയ്തു. ടൂറിസം, ഐടി, കശുവണ്ടി- കയര്‍ പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവല്‍ക്കരണം, മത്സ്യവിഭവം, ധാതു സമ്പത്ത് മേഖലകളിലെ പുതിയ നിക്ഷേപങ്ങളിലൂടെ ജില്ലയ്ക്ക് മുന്നേറാന്‍ കഴിയും. ഗവണ്‍മെന്റിന്റെയും പ്രവാസികളുടെയും നിരന്തര ശ്രദ്ധയും നിക്ഷേപങ്ങളും, നവ സംരംഭങ്ങളുടെ വളര്‍ച്ചയും ജില്ലയുടെ മുന്നേറ്റത്തിന് അനിവാര്യമാണ്. ജില്ലയില്‍ ലഭ്യമായ സര്‍ക്കാറിന്റെ തന്നെ റവന്യൂ, തോട്ട ഭൂമി, ഓയില്‍പാം എസ്റ്റേറ്റ്, അടച്ചുപൂട്ടിയ മുന്‍ വ്യവസായ സംരംഭങ്ങളുടെ ഭൂമിയൊക്കെ എയിംസ് തുടങ്ങിയ പുതിയ സ്ഥാപനസംരംഭങ്ങളുടെയും, ഭൂരഹിതരായ പിന്നോക്ക ദളിതര്‍ക്കും മറ്റ് അര്‍ഹതപ്പെട്ടവര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു. തീരമേഖലകളിലെ അശാസ്ത്രീയ ധാതു ഖനനം, മലയോരങ്ങളിലെ പാറക്വാറികള്‍ , ശുദ്ധജലസ്രോതസ്സുകളുടെ മലിനീകരണം തുടങ്ങി പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങളിലുംഅമിത ശബ്ദമലിനീകരണത്തിലും ആശങ്ക പ്രകടിപ്പിച്ചു.
ജില്ലാ പ്രസിഡണ്ട് മുഹമ്മദ് നജീം സ്വാഗതം പറഞ്ഞു. നിജാം, ലിജിന്‍രാജന്‍ ,രാജേഷ്, അസ്ലം,ആഷിന,സുരേഷ്, ഫക്കറുദ്ദീന്‍, അബ്ദുല്‍ റഷീദ്, സബീര്‍, നിസാര്‍ നിയാസ്, മന്‍സൂര്‍ എം.എച്ച് തുടങ്ങിയവര്‍ സംസാരിച്ചു. ഷിബു ഹംസ ചര്‍ച്ച നിയന്ത്രിച്ചു.