കവിതയുടെ കുളിര്‍മഴ സമ്മാനിച്ചുകൊണ്ട് സംസ്‌കൃതി ആര്‍ദ്രനിലാവ് സീസണ്‍ 6 ഫൈനല്‍ മത്സരങ്ങള്‍ സമാപിച്ചു
ദോഹ: ഖത്തറിലെ മലയാള കവിതാലാപനപ്രേമികള്‍ ഏറെ കാത്തിരുന്ന സംസ്‌കൃതി ആര്‍ദ്രനിലാവ് സീസണ്‍ 6 മലയാള കവിതാലാപന മത്സരത്തില്‍ വിസ്മയ ബിജുകുമാര്‍ ടൈറ്റില്‍ വിജയിയായി. പ്രശസ്ത കവി ഒ എന്‍ വി യുടെ ‘കേശമിതു കണ്ടുവോ കേശവാ’ എന്ന കവിതയാണ് വിസ്മയ ഫൈനലില്‍ ആലപിച്ചത്. കാവ്യാലാപനത്തിന്റെ അനുപമലാവണ്യം നിറഞ്ഞു നിന്ന ഫൈനല്‍ മത്സരത്തില്‍ ഫൈനലില്‍ ഷാനിബ് ഷംസുദ്ദീന്‍ രണ്ടാം സ്ഥാനവും, നെജ മെഹദിന്‍ നാസര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രശസ്ത സംവിധായകനും, നടനും, തിരക്കഥാകൃത്തും, സാംസ്‌കാരിക പ്രവര്‍ത്തകനുമായ മധുപാല്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു.
ദോഹയിലെ സാവിത്രിബായ് ഫുലെ പുണെ യൂണിവേഴ്‌സിറ്റി ഹാളില്‍ നടന്ന ഗ്രാന്റ് ഫിനാലെയില്‍ വിജയികളെ കൂടാതെ നിവേദ്യ സുധീര്‍, സുധി പാലായി, അലോക് പ്രേംനാഥ് എന്നീ മത്സരാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. പ്രതാപന്‍ (ഓടക്കുഴല്‍), ഡാനി (കീബോര്‍ഡ്), സന്തോഷ് (റിഥം പാഡ്) എന്നിവര്‍ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തു.
ദോഹയിലെ കലാസാഹിത്യമണ്ഡലങ്ങളില്‍ പ്രശസ്തരായ റെഷി പനച്ചിക്കല്‍, ഷിജു ആര്‍ കാനായി, ദേവാനന്ദ് കൂടത്തിങ്കല്‍ എന്നിവര്‍ വിധികര്‍ത്താക്കളായി എത്തിയ ഫൈനല്‍ മത്സരത്തിന് ശേഷം പ്രതാപന്‍ ഓടക്കുഴലില്‍ ‘ശ്യാമാംബരം’ എന്ന ഗാനം വായിച്ചത് ശ്രദ്ധേയമായി; തുടര്‍ന്ന് പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം ബിജുഷ പ്രശോഭ് അവതരിപ്പിച്ച ‘കൃഷ്ണാ നീ എന്നെ അറിയില്ല’ എന്ന സുഗതകുമാരി ടീച്ചറുടെ കവിതയെ ആസ്പദമാക്കിയുള്ള മോഹിനിയാട്ടം ഏറെ കരഘോഷം നേടി.
ബിജു പി. മംഗലം , ജാന്‍സി റാണി എന്നിവര്‍ സ്റ്റേജ് ആങ്കറിംഗ് നിര്‍വ്വഹിച്ചു. ആര്‍ദ്രനിലാവ് മലയാള കവിതാലാപനത്തിന്റെ നാള്‍വഴികളെക്കുറിച്ച് പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ സന്തോഷ് ഓ. കെ. വിശദീകരിച്ച സമ്മാനദാന ചടങ്ങില്‍ സംസ്‌കൃതി ദോഹ സെന്റര്‍ യൂണിറ്റ് സെക്രട്ടറി ജിജേഷ് കൊടക്കല്‍ നന്ദി പ്രകാശിപ്പിച്ചു.