Breaking News

പ്രവാസികള്‍ക്ക് നിയമ നിര്‍മാണ സഭകളില്‍ പ്രതിനിധികള്‍ വേണം – ഹമീദ് വാണിയമ്പലം

ദോഹ : പ്രവാസികളുടെ പ്രശ്‌നങ്ങളും വികാരങ്ങളും രാജ്യത്തിന്റെ നിയമ നിര്‍മാണ സഭകളില്‍ പ്രതിഫലിക്കണെമെന്നും അതിനായി അവരുടെ പ്രതിനിധികള്‍ ഇത്തരം സഭകളില്‍ ഉണ്ടാവണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അഭിപ്രായപ്പെട്ടു. അതിനാവശ്യമായ നിയമ ഭേദഗതികള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .പ്രവാസി വെല്‍ഫയര്‍ പത്താം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സര്‍വീസ് കാര്‍ണിവലിന്റെ പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഗള്‍ഫ് പ്രവാസം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. സ്വദേശി വത്കരണം വ്യാപകമാകുന്നു. അതിവൈദഗ്ദ്യമുള്ളവര്‍ക്ക് മാത്രം തൊഴില്‍ ലഭിക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടു വരുന്നത് . കുടിയേറ്റം വര്‍ദ്ധിക്കുന്ന ഈ കാലത്ത് പുതിയൊരു തൊഴില്‍ സംസ്‌കാരം രൂപപ്പെടുത്തിയെടുത്ത് വിദേശത്തേക്ക് തൊഴില്‍ തേടി പോകുന്നവരുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും ഗുണമേന്മയുറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനം കാണണം. അല്ലാത്ത പക്ഷം നമ്മുടെ നാട്ടില്‍ നിന്ന് വരുന്നവര്‍ പിന്തള്ളപ്പെടും. ജോലി നഷ്ടമായി മടങ്ങുന്നവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നു അദ്ദേഹം പറഞ്ഞു.

പ്രവാസത്തിന്റെ തണലിലുണ്ടായ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മുന്നേറ്റങ്ങളെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുമയും ചെയ്യേണ്ടതിനു പകരം അവരെ വംശീയമായി അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഈ പ്രവണത കേരളത്തില്‍ പോലും വ്യാപകമാകുന്നു. പ്രവാസികളെ ഒരു പ്രബല സമൂഹമായി കണ്ട് അവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുപ്പെടുകയും അത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടെന്ന് എത്താനുതകും വിധം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഗ്രാമ സഭകളുണ്ടാവണം. പ്രവാസികളെ അഭിനന്ദിക്കല്‍ അല്ലാതെ കൂടെ നിര്‍ത്തുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സമീപ കാലത്തായി പ്രവാസികള്‍ക്ക് വേണ്ടി വലിയ സമ്മേളനങ്ങള്‍ കൊണ്ടാടപ്പെടുകയും അതില്‍ വലിയ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഒരു തുടര്‍ നടപടിയും ഉണ്ടാവുന്നില്ല . പ്രവാസികളെ എന്നും ആശ്രിതരായി നിലനിര്‍ത്താനാണ് സര്‍ക്കാറുകള്‍ക്ക് മോഹം അവര്‍ സ്വാശ്രയര്‍ ആയി കാണാന്‍ ആഗ്രഹിക്കുന്നില്ല. സര്‍ക്കാറിന്റെ പ്രവാസി ക്ഷേമ പദ്ധതികളൊന്നും തന്നെ ആകര്‍ഷകല്ല. തുഛമായ ഫണ്ടുകളാണ് പല പദ്ധതികളിലും ഗുണഭോക്താവിനു ലഭിക്കുന്നുള്ളൂ. ഇതില്‍ കാലാനുസൃതമായ മാറ്റം വരുത്തണമെന്നും അബ്ദുല്‍ ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു .
പൊതു സമ്മേളനം ഖത്തര്‍ കമ്യൂണിറ്റി പോലീസ് ഡിപാര്‍ട്‌മെന്റിലെ എക്‌സ്റ്റേണല്‍ ബ്രാഞ്ച് ഓഫീസര്‍ ക്യാപ്റ്റന്‍ ഹമദ് ഹബീബ് അല്‍ ഹാജിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക വിദഗ്ദന്‍ നിഖില്‍ ഗോപാലകൃഷ്ണന്‍, വിദ്യാഭ്യാസ ചിന്തകന്‍ എന്‍. എം ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ പ്രവാസി വെല്‍ഫെയര്‍ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ , നജില നജീബ് , ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍ , അഹമ്മദ് ഷാഫി എന്നിവര്‍ വിതരണം ചെയ്തു .സര്‍വീസ് കാര്‍ണിവല്‍ ജനറല്‍ കണ്‍വീനര്‍ മജീദലി സ്വാഗതവും വൈസ് പ്രസിഡണ്ട് റഷീദലി നന്ദിയും പറഞ്ഞു.

ഐ.സി.സി ഉപദേശക സമിതി അംഗം ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ഐ.സി.സി സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ജനറല്‍ സെക്രട്ടറി നിഹാദ് അലി , ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗം അഡ്വ: ജാഫര്‍ഖാന്‍, വുമണ്‍ ഇന്ത്യ പ്രസിഡന്റ് നസീമ ടീച്ചര്‍, ഫൈസല്‍ കുന്നത്ത് തുടങ്ങിയവര്‍ സര്‍വീസ് കാര്‍ണിവലില്‍ പങ്കെടുത്തു.

സാമ്പത്തികം, നിക്ഷേപം, തൊഴില്‍, വിദ്യാഭ്യാസം, തുടര്‍ പഠനം, പ്രവാസി ക്ഷേമ പദ്ധതികള്‍, ആരോഗ്യം തുടങ്ങിയ തലക്കെട്ടുകളില്‍ സജ്ജീകരിച്ച അന്‍പതോളം പവലിയനുകളിലെ വിവിധ സേവനങ്ങള്‍ കാര്‍ണിവലിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍ ഉപയോഗപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക കാര്‍ഡ്, മറ്റു ക്ഷേമ പദ്ധതികള്‍, വിവിധ ഇന്‍ഷുറന്‍സ് സ്‌കീം എന്നിവയില്‍ ധാരാളം പേര്‍ അംഗത്വമെടുത്തു. ഹമദ് ഹാര്‍ട്ട് ഹോസ്പിലന്റെ നേതൃത്വത്തില്‍ നടന്ന ഹൃദ്രോഗ പരിശോധനയും ബോധ വത്കരണക്ലാസും നിരവധി പേര്‍ ഉപയോഗപ്പെടുത്തി. സി.വി. ക്ലിനിക്ക്, മോക് ഇന്റര്‍ വ്യൂ കൗണ്ടര്‍, രക്തദാന കൗണ്ടര്‍, വിവിധ ആരോഗ്യ പരിശോധന കൗണ്ടറുകള്‍ എന്നിവിടങ്ങളെല്ലാം ആദ്യാവസാനം നല്ല തിരക്കനുഭവപ്പെട്ടു. കാര്‍ണിവലിനോടനുബന്ധിച്ച് കേരളത്തിലെ തനത് രുചികള്‍ വിളമ്പിയ ഫൂഡ് ഫെസ്റ്റിവലും കരകൗശല മേളയും സംഘടിപ്പിച്ചിരുന്നു. മുട്ടിപ്പാട്ട്, തെരുവ് നാടകം, ഫ്‌ലാഷ് മോബ്, മാജിക്, ശിങ്കാരി മേളം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. കാര്‍ണിവലിലേക്ക് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഒഴുകിയെത്തി.

Related Articles

Back to top button
error: Content is protected !!