IM Special

ശൈഖ് അബ്ദുല്‍ ശുക്കൂര്‍ കാഞ്ഞങ്ങാട്, ഹിന്ദി പാട്ടുകളുടെ തോഴന്‍


ഡോ.അമാനുല്ല വടക്കാങ്ങര

ഖത്തറിലെ സംഗീത വേദികളില്‍ ഹിന്ദി പാട്ടുകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ കലാകാരനാണ് ശൈഖ് അബ്ദുല്‍ ശുക്കൂര്‍ കാഞ്ഞങ്ങാട്. കുട്ടിക്കാലത്ത് റേഡിയോ പാട്ടുകള്‍ കേട്ട് കമ്പം പിടിച്ച അദ്ദേഹം വളരെ യാദൃശ്ചികമായാണ് പാട്ടുകാരനായത്. കഴിഞ്ഞ 45 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ അദ്ദേഹം ഇപ്പോള്‍ പാടാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാറില്ലയെന്നതാണ് യാഥാര്‍ഥ്യം..
തുടക്കത്തില്‍ ഒഴിവ് വേളകളില്‍ സ്മ്യൂള്‍ ആപ്പില്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ പാടി സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലുമൊക്കെ പങ്കുവെച്ച് സായൂജ്യമടഞ്ഞിരുന്ന ശുക്കൂറിന്റെ സംഗീത യാത്രയില്‍ ഗായകനായ നൗഷാദ് ഇടപ്പള്ളിയും മുസ്തഫ തളിപ്പറമ്പുമാണ് വഴിത്തിരിവിന് കാരണമായത്. റഊഫ് മലയിലും റീന സുനിലും നേതൃത്വം കൊടുത്ത കരോക്കെ ദോഹയിലൂടെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ അദ്ദേഹം ദോഹ കൂട്ടായ്മയെന്ന സംഗീത ഗ്രൂപ്പിന്റെ സംഘാടകനായി മാറിയത് പാട്ടിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്.
സംഗീതം പഠിച്ചിട്ടില്ലെങ്കിലും പാട്ടുകളെ വിശിഷ്യാ ഹിന്ദി പാട്ടുകളെ സ്‌നേഹിക്കുന്ന ശുക്കൂര്‍ ഖത്തറിലെ നിരവധി ചെറിയ വേദികളില്‍ ഇതിനകം പാടിയിട്ടുണ്ട്. മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, ഉദിത് നാരായണന്‍, കുമാര്‍ സാനു തുടങ്ങിയവരുടെ പാട്ടുകളൊക്കെ പാടുന്ന അദ്ദേഹം ഒരു നല്ല സഹൃദയനും മനുഷ്യ സ്‌നേഹിയുമാണ്.
1981 ല്‍ ഖത്തറിലെത്തിയ അദ്ദേഹം ഓട്ടോമൊബൈല്‍ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. നജ്മയില്‍ സ്വന്തമായി ഒരു വര്‍ക് ഷോപ്പ് നടത്തുന്ന ഈ കാസര്‍ക്കോടുകാരന്‍ വീണുകിട്ടുന്ന അവസരങ്ങള്‍ പാടാനും പാട്ട് പരിപാടികളുടെ ഭാഗമാകാനും ഉപയോഗിച്ചാണ് ജീവിതം മനോഹരമാക്കുന്നത്.