Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തര്‍ സര്‍ഗലയം : മലപ്പുറം ജില്ല ജേതാക്കള്‍

ദോഹ: സഹചാരി ഖത്തര്‍ നാഷനല്‍ സര്‍ഗലയത്തിന് പ്രൗഢ സമാപനം. മൂന്ന് ദിനങ്ങളിലായി 50 ഇനങ്ങളില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ മലപ്പുറം ജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി.

വിവിധ ജില്ലകളില്‍ നിന്നുള്ള ഖത്തര്‍ മലയാളികള്‍ പങ്കെടുക്കുന്ന കലാസാഹിത്യ മത്സരങ്ങളുടെ മൂന്നാം എഡിഷനാണ് സമാപിച്ചത്.

ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാഗങ്ങളില്‍ നടന്ന മത്സരങ്ങളില്‍ 160 പോയിന്റ് നേടിയാണ് മലപ്പും ചാമ്പ്യന്മാരായത്.
നിലവിലെ ചാമ്പ്യന്‍മാരായിരുന്ന കോഴിക്കോട് 114 പോയിന്റ് നേടി രണ്ടാം സ്ഥാനവും 105 പോയിന്റ് നേടി പാലക്കാട് മൂന്നാ സ്ഥാനവും നേടി. തൃശൂര്‍ ജില്ലയിലെ എ. എം ഷാഹിര്‍ ജനറല്‍ വിഭാഗത്തിലും , പാലാക്കാടിന്റെ ഹാഷിം റഷീദ് സീനിയര്‍ വിഭാഗത്തിലും, കോഴിക്കോടിന്റെ ആസിം ഇസ്മാഈല്‍ ജൂനിയര്‍ വിഭാഗത്തിലും സര്‍ഗപ്രതിഭയായി.
ജൂനിയറില്‍ കോഴിക്കോടും മലപ്പുറവും ഒപ്പത്തിനൊപ്പവും സീനിയറില്‍ കോഴിക്കോടും, ജനറലില്‍ മലപ്പുറവുമാണ് ജേതാക്കള്‍.
വിവിധ ദേശങ്ങളുടെ സാംസ്‌കാരികവും ചരിത്രപരവുമായ അടയാളങ്ങള്‍ പരിചയപ്പെടുത്തിയ ആര്‍ട്ട് ഗ്യാലറി ശ്രദ്ധേയമായി. അല്‍ നാബിത് ഗ്ലോബല്‍ എജ്യുക്കേഷന്‍ സെന്റര്‍, ഇന്‍സ്‌പെയര്‍ ഹാള്‍, ഫിനിക്‌സ് സ്‌കൂള്‍ എന്നീ വേദികളിലായി സ്റ്റേജ് സ്റ്റേജേതര ഇനങ്ങളില്‍ നടന്ന മത്സരത്തില്‍ മികച്ച പ്രകടനക്കളാണ് മത്സരാര്‍ത്ഥികളുടേതെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. ഖത്തറിനകത്തും പുറത്തു നിന്നുമുള്ളവരായിരുന്നു ജൂറി പാനലില്‍ ഉണ്ടായിരുന്നത്.
മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, ഖവാലി, ദഫ് കളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങള്‍ തുടങ്ങിയ മത്സരങ്ങള്‍ വാശിയേറിയപ്പോള്‍ ഖത്തര്‍ മലയാളികള്‍ക്കത് ഹൃദ്യവും ആസ്വാദകരവുമായി.
അറബിക് കവിതകളുടെ അന്ത്യാക്ഷരി മത്സരമായ മുശാഅറ ഏറ്റവും ആവേശം നിറഞ്ഞതായിരുന്നു. അറിവും ഓര്‍മ ശക്തിയും പരീക്ഷിക്കപ്പെട്ട മത്സരത്തില്‍ നൂറ് കണക്കിന് കവിതകളാണ് മത്സരാര്‍ത്ഥികള്‍ ആലപിച്ചത്. ബഷീര്‍ ഹുദവി നേതൃത്വം നല്‍കിയ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും സഈദ് വാഫി നേതൃത്വം നല്‍കിയ പാലക്കാട് രണ്ടാം സ്ഥാനവും അബ്ദുല്‍ ഖാദിര്‍ റഹ്‌മാനി നേതൃത്വം നല്‍കിയ വയനാട് മൂന്നാം സ്ഥാനവും നേടി. ഏറ്റവും കൂടുതല്‍ കവിതകള്‍ സമര്‍പ്പിച്ച സഈദ് വാഫി പ്രത്യേകം ആദരിക്കപ്പെട്ടു.
‘ഉള്ളിന്റെ ആളല്‍’ എന്ന പ്രമേയത്തില്‍ നടന്ന മത്സരങ്ങളില്‍ വിവിധ സെഷനുകളില്‍ മതസാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അതിഥികളായെത്തി.
സമാപന സംഗമം എസ്. വൈ. എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഇബ്രാഹീം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി , ഇഷ് സിംഗാള്‍ മുഖ്യ അതിഥിയായിരുന്നു.
സക്കരിയ മാണിയൂര്‍, ഇസ്മാഈല്‍ ഹുദവി, മൈതീങ്കുട്ടി വയനാട്, ഡോ. അബ്ദു സമദ്, റഹീസ് ഫൈസി, സത്താര്‍ കുട്ടോത്ത്, സമദ് ഫൈസി, റിയാസ് മാസ്റ്റര്‍, തുടങ്ങിയവര്‍ സംസാരിച്ചു. സഹചാരി ഖത്തര്‍ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് അജ്മല്‍ റഹ്‌മാനി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഫദ്‌ലു സാദത്ത് നിസാമി സ്വാഗതവും ട്രഷറര്‍ ഷഫീഖ് ഗസാലി നന്ദിയും പറഞ്ഞു.

Related Articles

Back to top button