Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

വൈവിധ്യത്തിന്റെ ആഘോഷമായി സാംസ്കാരിക മന്ത്രാലയത്തിന്റെ  “ഇന്ത്യൻ കൾച്ചറൽ ഡേ”

ദോഹ: മിനിസ്ട്രി ഓഫ് കൾച്ചറിൻ്റെ ആഭിമുഖ്യത്തിൽ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) യുമായി സഹകരിച്ച്  ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിന് വേണ്ടി സംഘടിപ്പിച്ച “ഇന്ത്യൻ കൾച്ചറൽ ഡേ” കലാസന്ധ്യ  വൈവിധ്യങ്ങളുടെ ആഘോഷമായി. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന കലാപ്രകടനങ്ങളാണ് അരങ്ങേറിയത്.

കലാ-സാംസ്കാരിക വകുപ്പ് ഡയറക്ടറുടെ പ്രതിനിധി മുഹമ്മദ് മുഹ്സിൻ അൽശമരി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം പാരസ്പര്യത്തിന്റെയും  കലാസാംസ്കാരിക വിനിമയത്തിന്റെയും ചരിത്രം കൂടിയാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി വൈസ് പ്രസിഡണ്ട് അർഷദ് ഇ. അഭിപ്രായപ്പെട്ടു. നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക ബന്ധങ്ങൾ നിലനിൽക്കുന്നത്. ഇന്ത്യൻ തൊഴിൽശക്തിയെ രാജ്യത്തിൻെറ വികസന- നിർമാണ പങ്കാളികൾ എന്ന പരിഗണനയിലാണ് ഖത്തർ നേതൃത്വം കാണുന്നത്. ഐക്യത്തിലും കൂട്ടായ്മയിലും പരസ്പര ബഹുമാനത്തിലും ഊന്നിയ ബന്ധമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്നത്. ഖത്തറിനെ തങ്ങളുടെ രണ്ടാം വീട് എന്ന നിലക്കാണ് പ്രവാസികൾ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി), വുമൺ ഇന്ത്യ ഖത്തർ, യൂത്ത് ഫോറം, തനിമ, മലർവാടി, സ്റ്റുഡൻ്റ്സ് ഇന്ത്യ, ഗേൾസ് ഇന്ത്യ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ ,  ചൂരക്കൊടി കളരി സംഘം വില്ല്യാപ്പള്ളി എന്നിവയുടെ സഹകരണത്തോടെയാണ് കലാസന്ധ്യഅണിയിച്ചൊരുക്കിയത്. ഖത്തർ നാഷണൽ മ്യൂസിയത്തിന് സമീപത്തെ ബൈത്ത്  അൽസുലൈത്തിയിലായിരുന്നു പരിപാടി.

സി.ഐ.സി ജനറൽ സെക്രട്ടറി ബിലാൽ ഹരിപ്പാട്, വിമൻ ഇന്ത്യ പ്രസിഡൻറ് നസീമ ടീച്ചർ, കേന്ദ്ര സമിതി അംഗങ്ങളായ ,നൗഫൽ വി.കെ, നൗഫൽ പാലേരി,ഷാജഹാൻ മുണ്ടേരി ,പ്രോഗ്രാം ജനറൽ കൺവീനർ അബ്ദുൽ ജലീൽ ആർ.എസ്  ,തുടങ്ങിയവർ സംബന്ധിച്ചു.  

ഇന്ത്യൻ സാംസ്കാരിക വൈവിധ്യങ്ങൾ ഉൾകൊള്ളുന്ന  കോൽക്കളി, ഒപ്പന , ഖവാലി, രാജസ്ഥാനി ഫോക്ക്, പഞ്ചാബി നൃത്തം, മൈമിങ്, കളരിപ്പയറ്റ്, കഥാപ്രസംഗം, മുട്ടിപ്പാട്ട്, Ethnic dress show, ഗാനം തുടങ്ങിയ  കലാവിഷ്കാരങ്ങൾ അരങ്ങേറി. ഭക്ഷണ വൈവിധ്യത്തിന്റെയും കരകൗശല വസ്തുക്കളുടെയും  എക്സിബിഷൻ-വിൽപ്പന കൗണ്ടറുകളും ഒരുക്കിയിരുന്നു.

സജ്ന ഇബ്രാഹിം,ജസീം സി.കെ,ഡോ:സൽമാൻ,ഷഫ്ന വാഹദ്,ഇലൈഹി സബീല,സിദ്ധിഖ് വേങ്ങര,ഷഫാ എന്നിവർ  പ്രോഗാമുകൾ നിയന്ത്രിച്ചു.

Related Articles

Back to top button