സര്‍ഗസഞ്ചാരത്തിന്റെ സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന ചെറുപ്പക്കാരന്‍

ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. സര്‍ഗസഞ്ചാരത്തിന്റെ സാമൂഹ്യ പ്രതിബദ്ധത അടയാളപ്പെടുത്തുന്ന ചെറുപ്പക്കാരനാണ് ഇസ്ഗാവയിലെ റവാബി ഹൈപ്പര്‍ മാര്‍കറ്റില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന ഖാസിം ചെറുശോല . മലപ്പുറം ജില്ലയില്‍ കോട്ടക്കലിനടുത്ത് ചെരുശോല നിവാസിയായ ഖാസിം 2013 ല്‍ പ്രവാസ ലോകത്ത് വന്ന ശേഷമാണ് സര്‍ഗപ്രവര്‍ത്തനങ്ങളില്‍ കഴിവ് തെളിയിച്ചത്.
ചില ഷോര്‍ട്ട് ഫിലിമുകള്‍ക്കുവേണ്ടി സ്‌ക്രിപ്റ്റുകളെഴുതിയ ഖാസിം ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങളുടെ ദയനീയ അവസ്ഥയെ കുറിച്ചെഴുതിയ വരികള്‍ ഏറെ ഹൃദ്യമായിരുന്നു. കുറെ മദ്ഹ് പാട്ടുകളും എഴുതിയിട്ടുണ്ട്.
മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ് സിന്‍ തളിക്കുളവുമായി പരിചയപ്പെട്ടത് ഖാസിമിന്റെ ജീവിതത്തിലെ വഴിത്തിരിവാവുകയായിരുന്നു. ഖത്തറിലെ നിരവധി പാട്ടെഴുത്തുകാരെയും പാട്ടുകാരേയും പ്രോല്‍സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്ത മുഹ് സിന്‍ തളിക്കുളത്തിന്റെ നിര്‍ദേശത്തിലാണ് ലോകമെമ്പാടും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ പുണരരുത് ലഹരി എന്ന പാട്ടെഴുതിയത്. ലഹരി വിരുദ്ധ ബോധവല്‍ക്കരണ രംഗത്തെ ശ്രദ്ധേയമായ ഗാനമായി ഈ പാട്ട് ഇതിനകം തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു.
ലഹരി വിരുദ്ധ ഗാനത്തിന് പോലീസ് ഇന്‍സ്‌പെക്ടര്‍മാരടക്കം സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍ ആശാവഹമായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ വ്യാപൃതനാകാന്‍ ഊര്‍ജം പകരുന്നതാണ് പാട്ടിന് ലഭിച്ചുകൊണ്ടിരിക്കുന്ന പ്രോല്‍സാഹനങ്ങളെന്ന് ഖാസിം പറഞ്ഞു.
സമൂഹത്തില്‍ നന്മകള്‍ നട്ടുവളര്‍ത്താനും സ്‌നേഹസൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കുവാനും ആഗ്രഹിക്കുന്ന ഈ പാട്ടുകാരന്‍ സഹൃദയ ലോകത്തിന്റെ പിന്തുണയും പ്രോല്‍സാഹനവുമര്‍ഹിക്കുന്നു.


