അങ്കമ്മാള്‍’ ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമ

ദോഹ. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഇന്ത്യന്‍ ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി ‘അങ്കമ്മാള്‍’. പെരുമാള്‍ മുരുകന് എഴുതിയ പ്രശസ്ത തമിഴ് നോവല്‍ കൊടിത്തുണിയെ ആസ്പദമാക്കി വിപിന്‍ രാധാകൃഷ്ണന് സംവിധാനം ചെയ്ത തമിഴ് സിനിമയാണ് അങ്കമ്മാള്‍. ഒരു ഗ്രാമീണ സ്ത്രീയുടെ ജീവിതത്തിലെ ദുരിതങ്ങളും പ്രത്യാശകളും പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത് ,
2024 ഒക്ടോബറില്‍ മുംബൈയില്‍ നടന്ന മാമി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം ചിത്രം പ്രദര്‍ശിപ്പിച്ചത്. പിന്നീട് ഡിസംബറില്‍ ഐഎഫ്എഫ്കെയില് ‘ഇന്ത്യന്‍ സിനിമ ഇന്ന്’ എന്ന വിഭാഗത്തിലൂടെ ആസ്വാദകരിലെത്തി. ഡയലോഗ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അജന്ത എല്ലോറ ഫിലിം ഫെസ്റ്റിവല്‍, ഗുവാഹത്തി ബ്രഹ്മപുത്ര ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയിലും പ്രദര്‍ശിപ്പിച്ചു. ന്യുയോര്‍ക്ക് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വിദേശത്തെ ആദ്യ പ്രദര്‍ശനമായിരുന്നു.
എന്ജോയ് ഫിലിംസിന്റെയും ഫിറോ മൂവി സ്റ്റേഷന്റെയും ബാനറില്‍ റിലീസ് ചെയ്ത ചിത്രം ഖത്തര്‍ പ്രവാസികളായ ഷംസുദ്ദീന് ഖാലിദ്, അനു അബ്രഹാം ,ഛായാഗ്രാഹകനായ അന്‍ജോയ് സാമുവല്‍, നടന് ഫിറോസ് റഹീം
എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്
. മുഖ്യ കഥാപാത്രമായ അങ്കമ്മാളായി അഭിനയിചിരിക്കുന്നത് ഗീതാ കൈലാസമാണ്. ഭരണി, ശരണ്‍, മുല്ലയരസി, തെന്‍ട്രല്‍ രഘുനന്ദന് എന്നിവര്‍ പ്രധാനവേഷങ്ങളിലുണ്ട്.
ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്തഗായകന് മക്ബൂല്‍ മന്‍സൂര്‍ ആണ്
സംഭാഷണം: സുധാകര്‍ ദാസ് , എഡിറ്റര്‍: പ്രദീപ് ശങ്കര്‍, ശബ്ദ സംവിധാനം: ലെനിന് വലപ്പാട് , ശബ്ദ മിശ്രണം: കൃഷ്ണനുണ്ണി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്.തിരുനെല്‍വേലിക്കടുത്ത് ദേവനെല്ലൂര്, പത്മവേലി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം. സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരില്‍ ഭൂരിഭാഗവും മലയാളികളാണ്. ആഗസ്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറപ്രവര്‍ത്തകര്‍
