ഓണവിചാരം

വിഷു മുതല്‍ വിഷു വരെ പ്രവാസിക്ക് ഓണമാണ്.
സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ് മുതല്‍ സമുദ്ര ത്രയങ്ങളുടെ സംഗമമായ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന കേരളീയ സംസ്‌കൃതി വൈവിധ്യങ്ങളുടെ വിളനിലമാണ്.
പരമ്പരാഗത സാംസ്‌കാരിക മിത്തുകളുടെയും വിശ്വാസങ്ങളുടെയും സങ്കല്പങ്ങളുടെയും കലവറയായ മലയാണ്മയുടെ സാംസ്‌കാരിക ചരിത്രവും പ്രകൃതി സൗന്ദര്യവും പുകള്‍ പെറ്റതാണ്.
പൗരാണിക രാജവംശങ്ങളുടെ ചരിത്രവും ലോക വാണിജ്യ ഭൂപടങ്ങളുടെ ശ്രദ്ധാകേന്ദ്രവമായ
നിരവധി ചെറുതുറ മുഖങ്ങളും തീരങ്ങളുടെ ഭംഗിയും മണ്‍സൂണ്‍ മേഘങ്ങളുടെ കാവ്യാത്മകതയും ഓരോ പ്രവാസിയുടെയും ഹൃദയത്തില്‍ ആ മനോഹര നാട് തളം കെട്ടി നിര്‍ത്തുന്നു.
സഹ്യപര്‍വതത്തിന്റെ അതിര്‍ത്തി വരകളുടെയും കടലും മലയും തമ്മിലുള്ള ഇണചേരലുകളുടെയും കാവ്യ ഭംഗികളുടെ ആകെത്തുകയാ ണ് ആ തുണ്ട് ഭൂമി. പശ്ചിമഘട്ടവും കായലോളങ്ങളും കടല്‍ത്തീരങ്ങളും ഒരൊറ്റം മുതല്‍ മറ്റേ അറ്റം വരെ അതിരിടുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വ്യത്യസ്തങ്ങളായ മുദ്ര പതിപ്പിച്ചുകൊണ്ട് അതിസുന്ദരിയായി ആ മായിക ഭൂമി നമ്മെ എക്കാലവും ഭ്രമിപ്പിച്ചുകൊ ണ്ടേയിരിക്കുന്നു. അതിന്റെ നിരവധിയായ സംസ്‌കാരങ്ങളും ആഘോഷങ്ങളും പൈതൃകങ്ങളും സാംസ്‌കാരിക തനിമകളും കൊണ്ടാടാന്‍ ഉള്ള ഒരു അവസരവും നമ്മള്‍ പ്രവാസികള്‍ കൈവിടാറില്ല. നാടും നാട്ടുകാരും കൈവിട്ട നാട്ടു ശീലുകളെ നെഞ്ചോട് ചേര്‍ത്ത് അവര്‍ പുതിയ ഡയസ്‌പോറകളില്‍ പുനരാവിഷ്‌കരിക്കുന്നു. തനിമ ചോരാതെ പുനരാവിഷ്‌കരിക്കാന്‍ കഴിയുന്ന സ്വത്വബോധങ്ങളെ ഒന്നും പ്രവാസി വെറുതെ വിടാറില്ല. തനത് കലകളുടെ സാംസ്‌കാരിക വൈവിധ്യം പുതുമ ചോരാതെ കാണണമെങ്കില്‍ കേരളത്തിന് പുറത്തുവരണമെന്ന് അവസ്ഥ സംജാതമായിരിക്കുന്നു.
കേരളീയരുടെ പാരമ്പര്യ മനസ്സും മൂല്യങ്ങളും അതിന്റെ തനിമയോടെ സംരക്ഷിക്കുന്നത് പ്രവാസികളാണെന്ന് ഒറ്റവാക്കില്‍ പറയാം. നിരവധി അനവധി സംഘടനകളും ഫോറങ്ങളും സാംസ്‌കാരിക, രാഷ്ട്രീയ, കുടുംബ കൂട്ടായ്മകളും വരെ തങ്ങളുടെ മിത്തുകളെ ചില്ലു കൂട്ടിലടച്ച് പോറലേല്‍ക്കാതെ സൂക്ഷിച്ച്, അതിന്റെതായ ദിനരാത്രങ്ങളിലേക്ക്, ആഴ്ച വട്ടങ്ങളിലേക്ക് ആവാഹിക്കുന്നത് പ്രവാസത്തിലെ മാത്രം കൗതുക കാഴ്ചകളാണ്. അതിന്റെ ഒരു ബൃഹത്മാനമാണ് ഓണം.
തത്വത്തില്‍ വിഷു കഴിഞ്ഞാല്‍ പിന്നെ പ്രവാസിക്ക് ഓണാഘോഷങ്ങളുടെ തിരക്കാണ്. തിരുവോണം കഴിഞ്ഞ് അടുത്ത വിഷു വരെ നീണ്ടുനില്‍ക്കും അതിന്റെ അലയൊലികള്‍.
പുഴകളും കായലുകളും കിണറുകളും ഒന്നുമില്ലാത്ത ഈ ഊഷരമായ കോണ്‍ക്രീറ്റ് വനങ്ങളില്‍ പ്രതീകാത്മകമായി പോലും മാവേലിക്ക് പാതാളത്തില്‍ നിന്ന് കയറി വരാന്‍ അണുവിട പാകമില്ല. എന്നാല്‍ വിരോധാഭാസം എന്ന് പറയട്ടെ പുതിയ കാലത്ത് ഈ നാട്ടിലാണ് വിശാലമാനത്തില്‍ പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം മാവേലി
ചെലവിടുന്നത്.അത് ഈ നാടിന്റെ നന്മയുടെ പ്രതിഫലനമാണ്,
തെല്ലും അതിശയോക്തി ഇല്ലാത്ത ഓണാഘോഷങ്ങളുടെ അനസ്യൂതമായ പ്രവാഹമാണ് പ്രവാസത്തിന്റെ ഓരോ ആഴ്ചവട്ടങ്ങളും സമ്മാനിക്കുന്നത്.
നാട്ടിലെ ഓണ സദ്യ വരുന്നതും നോക്കി ഡെലിവറി ബോയുടെ ബൈക്കിനെ കാത്തുനില്‍ക്കുന്ന പുതിയ തലമുറയ്ക്ക് അവയലിന്റെയും സാമ്പാറിന്റെയും വെട്ടുകഷണങ്ങളുടെ ജാമിതീയഘടനകളെ കുറിച്ച് ഒരറിവും ഇല്ല എന്ന് തത്വത്തില്‍ പറയാം. ഉരുട്ടി വെട്ടിന്റെയും നീട്ടി വെട്ടിന്റെയും കൊത്തിയരിയലിന്റെയും നുറുക്കലിന്റെയും എഞ്ചുവടി കണക്കുകള്‍ ഇനിയുള്ള തലമുറയ്ക്ക് അപ്രാപ്യങ്ങളുമായിരിക്കാം. ഒരു ഇലയ്ക്ക് ചുറ്റും കൂടിയിരുന്ന് സദ്യ ഉണ്ണുന്ന അതേ ആവേശത്തോടെ ഒരിലയ്ക്ക് ചുറ്റുമിരുന്ന് സെല്‍ഫി എടുക്കുന്ന വിരലുകളുടെ മത്സരമാണ് പുതിയ കാലത്തിന്റെ സന്തതികളുടേത്. ആരും ആരെയും കുറ്റം പറയുവാന്‍ അര്‍ഹരല്ല കാലത്തിന്റെ ഒഴുക്കിനൊപ്പം എല്ലാവരും കുതിച്ചു കൊണ്ടേയിരിക്കുകയാണ്. ഓണത്തുമ്പികള്‍ കളം വിട്ട തുമ്പപ്പാടങ്ങളില്‍ ഡ്രോണ്‍ തുമ്പികളെ പറത്തി ഫില്‍റ്റര്‍ ഇട്ട് പോസ്റ്റ് ചെയ്യുകയാണ് പുതുയുവത.
വിനോദങ്ങളുടെ പിക്‌സലുകളിലേക്ക് അവര്‍ സ്വയം അനുനിമിഷം മാറി മറിഞ്ഞു കൊണ്ടിരിക്കുന്നു. തടസ്സമില്ലാത്ത ഡാറ്റ പ്രവാഹം ഒന്നു മാത്രമാണ് അവര്‍ ആഗ്രഹിക്കുന്നത്.
നമുക്ക് ചെയ്യാന്‍ കഴിയാവുന്നത് കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന കാലത്തോളം നമ്മുടെ തനിമകളെ കാത്തുസൂക്ഷിക്കുക എന്നുള്ളതാണ്. ഓരോ ആഘോഷങ്ങളും ഓരോ പാരമ്പര്യങ്ങളുടെ ബാക്കിപത്രങ്ങളാണ്. പരമ്പരാഗതമായി നമ്മള്‍ കൊണ്ടാടപ്പെടുന്ന ഏതൊരു ആഘോഷത്തിന്റെ പിന്നിലും ഒരു സമൂഹത്തിന്റെ അല്ലെങ്കില്‍ ഒരു കൂട്ടായ്മയുടെ ഒരു ജനതയുടെ ഒരു ഗോത്രത്തിന്റെ അടയാളപ്പെടുത്തലുണ്ട്.
അതിനാല്‍ അടയാളപ്പെടുത്തുവാന്‍ കഴിയുന്ന എല്ലാ നാടോടി വിജ്ഞാനത്തെയും അതിന്റെ തനിമ ചോരാതെ പുനരാവിഷ്‌കരിക്കാന്‍ കഴിയുന്ന ഒരു ജനതയെ ചരിത്രത്തിന്റെ സുവര്‍ണ്ണ ഏടുകളില്‍ കാലം കൊത്തിവെക്കും. അതിന്റെ ബൃഹത് ഫോക്ലോര്‍ പാരമ്പര്യത്തെ സൂക്ഷിച്ചു കൊണ്ടുപോവുക എന്നുള്ളത് ചരിത്ര പ്രേമികളായ ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്. പരമ്പരാഗതമായ നാട്ടു തനിമകളാല്‍ സമൃദ്ധമായ പൗരാണികതയുടെ തുണ്ട് ഭൂമികയില്‍ നിന്ന് വേര്‍പെട്ട് അതിനെ ദൂരെ നിന്ന് നോക്കി കാണുമ്പോഴാണ് നമുക്ക് അതിന്റെ മഹാപാരമ്പര്യത്തെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നത്. അപ്പോള്‍ അത് കാത്തുസൂക്ഷിക്കുക എന്നുള്ളത് ചരിത്രത്തിനോട്, സംസ്‌കാരത്തിനോട് നമ്മുടെ പാരമ്പര്യത്തിനോട് ചെയ്യുന്ന ഏറ്റവും മഹത്തായ കാര്യമാണ്. വിശ്വാസങ്ങളും മിത്തുകളും സങ്കല്‍പ്പങ്ങളും എല്ലാം നമുക്ക് സൗകര്യപൂര്‍വ്വം ഒഴിവാക്കാം. മനുഷ്യസമൂഹം ഒന്നായി ഒരു നന്മയ്ക്കു വേണ്ടി, നന്മയുടെ നാളിന്റെ ഓര്‍മ്മയ്ക്കു വേണ്ടി, ഭാവിയിലെ ഐശ്വര്യപൂര്‍ണ്ണമായ ഒരു നാളേക്ക് വേണ്ടി ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൂട്ടായ്മയുടെ സ്വര്‍ഗ്ഗതുല്യമായ നിമിഷങ്ങള്‍ക്കുവേണ്ടി ഒന്നിച്ച് അണിനിരക്കുന്ന ഏതൊരു ആഘോഷത്തെയും നമുക്ക് ഹൃദയത്തിലേക്ക് വരവേല്‍ക്കണം. മനുഷ്യരുണ്ടാക്കിയ അതിര്‍വരമ്പുകളും കള്ളവും ചതിയും വിദ്വേഷങ്ങളും ഒന്നുമില്ലാത്ത സമാനതക ഹളുള്ള ഒരേ മനസ്സുകളുടെ കൂട്ടായ്മകളിലേക്ക് വാതില്‍ തുറക്കുന്ന ആഘോഷത്തിലേയ്ക്ക് നമുക്ക് കാലെടുത്തുവെക്കാം. എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം ഓണാശംസകള്‍.



