IM Special
ഒരു തേരോട്ടം

ജയ രാജകൃഷ്ണൻ
കിന്നാരം ചൊല്ലാം നമുക്കിന്നല്ലേ
കളിവള്ളമോട്ടി കളിക്കാം
പുതുമഴ പുഞ്ചിരി തൂകും നാളില്‍
പുതുമണ്ണിന്‍ ഗന്ധം ശ്വസിയ്ക്കാം
അക്ഷരമുറ്റത്തെ ആദ്യദിനത്തിലേ=
യ്ക്കൊന്നെത്തി നോക്കി മടങ്ങാം
അങ്കണവാടിയില്‍ പൂചൂടി നില്‍ക്കുന്ന
മുല്ലയ്ക്കൊരുമ്മ നല്‍കീടാം
വാഴപൂന്തേനുണ്ട് പയ്യാരം കൊഞ്ചുന്ന
അണ്ണാറക്കണ്ണനെ തേടാം
മാന്തളിര്‍ തിന്നു മദിക്കും കുയിലിന്‍റെ
ശ്രുതിയേറ്റ് പാടുവാന്‍ കൂടാം
വിരുന്നുകാരുണ്ടെന്നതോര്‍മ്മപ്പെടുത്തുമാ
കാകന്നു കാതോര്‍ത്തിരിക്കാം
തെക്കേലെ പൂവാലി പൈക്കിടാവൊത്തൊരാ
തൊടിയാകെ മണ്ടി രസിക്കാം
മഴപെയ്ത് തെളിനീര് നിറയുന്ന പാടത്ത്
പരല്‍മീനിനെ തിരഞ്ഞീടാം
ഉടുതുണി മുഴുവനും ചെളിയുമായെത്തീട്ട്
അമ്മതന്‍ *സമ്മാനമേല്ക്കാം
അന്തിമയങ്ങുന്ന നേരത്ത് അമ്പിളിമാമന്‍റെ ചേല് കണ്ടീടാം
അത്താഴമുണ്ടു കഴിഞ്ഞാലമ്മൂമ്മതന്‍
പഴങ്കഥ-പാട്ടില്‍ മയങ്ങാം.


