മധുരമീയോണം കുവാഖിനൊപ്പം – കുവാഖ് ഓണാഘോഷം സംഘടിപ്പിച്ചു

ദോഹ : ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ ഓണാഘോഷ പരിപാടി ‘മധുരമീയോണം കുവാഖിനൊപ്പം’ പൂനെ യൂണിവേഴ്‌സിറ്റി ഹാളില്‍ അരങ്ങേറി. പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് റീജ്യണല്‍ ഹെഡ് സന്തോഷ് ടി വി, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര, റേഡിയോ മലയാളം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഫല്‍ അബ്ദുള്‍ റഹ്‌മാന്‍, ഐ എസ് സി മാനേജ്‌മെന്റ് കമ്മിറ്റിയംഗം ഹംസ കുനിയില്‍, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, ഖജാന്‍ജി ആനന്ദജന്‍, കള്‍ച്ചറല്‍ സെക്രട്ടറി ഗോപാലകൃഷ്ണന്‍, വനിതാവേദി പ്രസിഡണ്ട് ഷീജ സിദ്ധാര്‍ത്ഥന്‍, ജനറല്‍ സെക്രട്ടറി ജ്യോതി രമേഷ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ രജീഷ് കായക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ച പരിപാടിയില്‍ കള്‍ച്ചറല്‍ സെക്രട്ടറി ഗോപാലകൃഷ്ണനും, ശാന്തി മോള്‍ ഷെറിനും അവതാരകരായി.
കുവാഖ് കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. വാദ്യകലാസംഘം മേളം ദോഹയിലെ കലാകാരന്‍മാരുടെ മേള പ്രകടനവും പത്തിലധികം ഗായിക ഗായകന്മാരെ അണിനിരത്തി അവതരിപ്പിച്ച ഓണസല്ലാപം സംഗീതവിരുന്നും ആസ്വാധകരുടെ മനം കവര്‍ന്നു.
ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം ജോസഫ്, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍, ഐസിബിഎഫ് മുന്‍ ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ആര്‍ ജെ സൂരജ് തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
36 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മുന്‍ സെക്രട്ടറി രതീശന്‍ ടി ഇക്ക് ചടങ്ങില്‍ വെച്ച് യാത്രയയപ്പ് നല്‍കി. സംഘടനയുടെ സ്‌നേഹോപഹാരം പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബുവും നികേഷ് കുമാറും ചേര്‍ന്ന് കൈമാറി.
സെക്രട്ടറി സൂരജ് രവീന്ദ്രന്‍ ചടങ്ങിന് നന്ദി പറഞ്ഞു.

