മുഹമ്മദ് കുട്ടി അരിക്കോടിന്റെ വേര്‍പാടില്‍ മലബാര്‍ ക്ലബ് അനുശോചനം

ദോഹ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ഹാര്‍മോണിസ്റ്റും സംഗീത സംവിധായകനുമായിരുന്ന മുഹമ്മദ് കുട്ടി അരിക്കോടിന്റെ വേര്‍പാടില്‍ മലബാര്‍ ക്ലബ് അനുശോചിച്ചു. 2007 മുതല്‍ എട്ട് വര്‍ഷകാലത്തോളം ഖത്തര്‍ പ്രവാസിയായിരുന്ന കുട്ടിക്ക മെഹ്ഫിലുകളിലൂടെ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. പ്രശസ്തരായ ഒട്ടേറെ ഗായകര്‍ക്ക് വേണ്ടി ഹാര്‍മോണിയം വായിച്ചും പാട്ടുകള്‍ കുറിച്ചും ഈണം പകര്‍ന്നും അടയാളപ്പെടുത്തിയ ബഹുമുഖ പ്രതിഭയായിരുന്നു. 2023 ല്‍ ഖത്തര്‍ സന്ദര്‍ശിച്ച അദ്ദേഹം മലബാര്‍ ക്ലബ് സ്‌നേഹാദരം ഏറ്റുവാങ്ങിയിരുന്നു.
സംഗീതമേഖലയില്‍ സമഗ്ര സംഭാവനകള്‍ കാഴ്ചവെച്ച അദ്ദേഹത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മീഡിയവണ്‍ മാപ്പിളപ്പാട്ട് സമഗ്ര സംഭാവന പുരസ്‌കാരം, മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ എം.എസ്. ബാബുരാജ് പുരസ്‌കാരം, പ്രഥമ റംലബീഗം പുരസ്‌കാരം, അക്ബര്‍ ട്രാവെല്‍സ് ഇശല്‍ കലാരത്ന പുരസ്‌കാരം തുടങ്ങിയവ പ്രധാനമാണ്.
നജ്മ ഐബക്ക് ഹാളില്‍ വെച്ച് നടന്ന അനുശോചന യോഗത്തില്‍ എസ് എ എം ബഷീര്‍, ജി പി. കുഞ്ഞബ്ദുല്ല ചാലപ്പുറം, മഷൂദ് തങ്ങള്‍, അന്‍വര്‍ ബാബു വടകര , മുസ്തഫ ഏലത്തൂര്‍, റയീസ് വയനാട് , ഷെഫിര്‍ വാടാനപ്പള്ളി, റഫീഖ് മേച്ചേരി, സലാം കൊല്ലം, സി പി എ ജലീല്‍, ഷെരീഫ് നിട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.