Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

തുടര്‍ഭരണം കേരളത്തിന്റെ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഗുണകരമായി : പിണറായി വിജയന്‍


അമാനുല്ല വടക്കാങ്ങര

ദോഹ. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടര്‍ഭരണമുണ്ടായത് കേരളത്തിന്റെ വികസനത്തിനും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും ഗുണകരമായതായി മുഖ്യ മന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു. ഖത്തറില്‍ മലയാളം മിഷന്‍ സംഘടിപ്പിച്ച മലയാളോല്‍സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും വ്യവസായിക രംഗത്തുമൊക്കെ കേരളം മാതൃകാപരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ കേരളത്തിന്റെ പുരോഗതി ആശാവഹമാണെന്നും മുഖ്യ മന്ത്രി പറഞ്ഞു. വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയ കേരളം അടിസ്ഥാന സൗകര്യ വികസന രംഗങ്ങളിലും ബഹുദൂരം മുന്നോട്ടുപോയിട്ടുണ്ട്.

പ്രവാസികളെ പ്രത്യേകം പരിഗണിച്ചാണ് ലോകകേരള സഭ എന്ന ആശയം നടപ്പാക്കിയതെന്നും ഇത് ലോകത്തില്‍ തന്നെ നിസ്തുലമാണെന്നും മുഖ്യ മന്ത്രി പറഞ്ഞു. 35 ല്‍ നിന്നും തുടങ്ങിയ ലോക കേരള സഭ നിലവില്‍ 103 രാജ്യങ്ങളുടെ പ്രാതിനിധ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

നോര്‍ക്ക കെയറിന്റെ ഇന്‍ഷ്യൂറന്‍സ് പദ്ധതി പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. പ്രവാസി മിഷന്‍ പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. എന്‍.ആര്‍.ഐ കമീഷനും വളരെ ഫലപ്രദമായാണ് പ്രവര്‍ത്തിക്കുന്നത്.
സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിച്ചും വിവിധ രംഗങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയുമാണ് സംസ്ഥാനം മുന്നേറുന്നത്. വിഴിഞ്ഞം പദ്ധതി സംസ്ഥാനത്തെ വികസനത്തിന് ആക്കം കൂട്ടും. ടൂറിസം രംഗത്തും സംസ്ഥാനത്തിന്റെ പുരോഗതി ആശാവഹമാണ്. റോഡുകളും പാലങ്ങളും മാത്രമല്ല എല്ലാ രംഗങ്ങളിലും വികസനത്തിന്റെ ഫലം പ്രകടമാണ്.

സംസ്ഥാനത്തെ ഡിജിറ്റല്‍ യൂണിവേര്‍സിറ്റിയും ഡിജിറ്റല്‍ പാര്‍ക്കും കൊച്ചിന്‍ വാട്ടര്‍മെട്രോയുമൊക്കെ ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്.

ചൂരല്‍മല ടൗണ്‍ഷിപ്പ് ജനുവരിയില്‍ പൂര്‍ത്തിയാക്കുമെന്നും കൊച്ചി ബാംഗ്‌ളൂര്‍ ഇടനാഴി സംസ്ഥാനത്തിന്റെ വാണിജ്യ മുന്നേറ്റത്തിന് സഹായകമാകുമെന്നും മുഖ്യ മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്നും ഐടി പാര്‍ക്കുകളും ഐടി ഇടനാഴികളും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര നിലവാരത്തില്‍ കേരളത്തെ ഒരു നവകേരളമാക്കാനാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായി അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം ഉയര്‍ന്നത് നാടിന്റെ ഐക്യവും ഒരുമയും കൊണ്ടാണ്. അസാധ്യമായ പലതും നാം സാധ്യമാക്കിയത് ഈ ഐക്യം കൊണ്ടാണെന്നും മുഖ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു

Related Articles

Back to top button