കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരു തരം ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ പിടിയില്‍ : അഡ്വ.എ.എ. റഹീം എംപി

ദോഹ. കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരു തരം ക്രിമിനല്‍ സിന്‍ഡിക്കേറ്റിന്റെ പിടിയിലാണെന്നും കെ.പി.സി.സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും വരെ ചിലപ്പോഴെങ്കിലും ഈ സിണ്ടിക്കേറ്റിന്റെ സമ്മര്‍ദ്ധത്തിന് വഴങ്ങേണ്ടി വരുന്നുവെന്നും അഡ്വ.എ.എ. റഹീം എംപി ആരോപിച്ചു. ഖത്തറിലെ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാര്‍മിക സദാചാര മൂല്യങ്ങളോട് യാതൊരു പ്രതിപത്തിയുമില്ലാത്ത ഈ സിണ്ടിക്കേറ്റിന്റെ ടാഗ് ലൈന്‍ തന്നെ ‘ഹൂ കെയര്‍സ് ‘ എന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തെ നവീകരിക്കുകയും സര്‍ഗാത്മകമാക്കുകയും ചെയ്യേണ്ട പ്രതിപക്ഷം ഈ സിണ്ടിക്കേറ്റിന്റെ വലയില്‍പ്പെട്ട് വലയുകയാണ്. അയ്യപ്പ സംഗമം ബഹിഷ്‌ക്കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ഫാസിസ്റ്റുകളെ തൃപ്തിപ്പെടുത്താനുളള ശ്രമമാണ്. പ്രതിപക്ഷം കൂടുതല്‍ പ്രൊഡക്ടീവാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2016 മുതല്‍ കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാനത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിയുറപ്പുവരുത്തുന്നതോടൊപ്പം പല രംഗത്തും ഇന്ത്യയിലെ മികച്ച സംസ്ഥാനമെന്ന ബഹുമതി നേടിയതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദമാക്കുന്നതോടൊപ്പം വികസന പദ്ധതിക്കും സജ്ജമാക്കിയത് ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നേട്ടമാണ്. റോഡ് വികസനം, ഭൂമിയേറ്റെടുക്കല്‍ തുടങ്ങിയവയിലൊക്കെ കേരളം ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു.
ആഗോളാടിസ്ഥാനത്തില്‍ പ്രവാസികളെ കോര്‍ത്തിണക്കുന്ന ലോക കേരള സഭ സര്‍ക്കാറിന്റെ മികച്ച പദ്ധതികളിലൊന്നാണ്.
ഐ എം.എഫ് പ്രസിഡണ്ട് ഒ.കെ.പരുമല അധ്യക്ഷത വഹിച്ചു. ആര്‍.ജെ.രതീഷ് സ്വാഗതവും അന്‍വര്‍ പാലേരി നന്ദിയും പറഞ്ഞു.
