ഇന്റര്‍നാഷണല്‍ എക്‌സിബിഷനുകളില്‍ ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സ് നടത്തി ചിത്രകലാ അധ്യാപിക രോഷ്‌നി കൃഷ്ണന്‍ ശ്രദ്ധയയാകുന്നു

ദോഹ: ഖത്തറിലെ സാംസ്‌കാരിക വേദികളില്‍ തന്റെ കലാസാന്നിധ്യം ഉറപ്പിച്ച് മുന്നേറുന്ന രോഷ്‌നി കൃഷ്ണന്റെ ലൈവ് ആര്‍ട്ട് ജീവിത്തത്തിലെ പ്രത്യേക നാഴികക്കല്ലുകളാണ് ഇന്റര്‍നാഷണല്‍ എക്‌സിബിഷനുകളിലെയും വിവിധ ഫെസ്റ്റിവല്‍ സീസണിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫെസ്റ്റുകളിലെയും ലൈവ് ആര്‍ട്ട് പെര്‍ഫോമന്‍സുകള്‍. ദോഹയിലെ മന്ത്രലായ തലങ്ങളിലുള്ള പ്രമുഖ ആഘോഷവേദികളില്‍ ശ്രദ്ധ നേടിക്കൊണ്ട് അതത് ഫെസ്റ്റുകളുടെ ആത്മാവും സംസ്‌കാരപരമായ പ്രത്യേകതകളും നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളാണ് റോഷ്നി ടീച്ചര്‍ മിനിറ്റുകള്‍ കൊണ്ട് വരച്ചു തീര്‍ക്കുന്നത്.

കലയെ കേവലം ആസ്വാദനത്തിനപ്പുറം സാമൂഹിക അവബോധത്തിനുള്ള ഉപാധിയായി രോഷ്‌നി കൃഷ്ണന്‍ മാറ്റി. ഓരോ ഉത്സവത്തിന്റെയും പ്രമേയത്തിനനുസരിച്ച് തത്സമയം ക്യാന്‍വാസില്‍ വിസ്മയം തീര്‍ത്ത റോഷ്‌നിയുടെ പ്രകടനം സ്വദേശികളും വിദേശികളുമായ നിരവധി സന്ദര്‍ശകരുടെ പ്രശംസ പിടിച്ചുപറ്റി. വിവിധ സീസണിനോടനുബന്ധിച്ച് സംഘടിപ്പിച്ച ബുക്ക് ഫെസ്റ്റ്, മാങ്കോ ഫെസ്റ്റ്, ഹണി ഫെസ്റ്റ്, മൈഗ്രേഷന്‍ ഡേ ഈവന്റ്, ഡേറ്റ് ഫെസ്റ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന അന്താരാഷ്ട്ര എക്‌സിബിഷനുകളിലൂടെയാണ് രോഷ്‌നി കൃഷ്ണന്‍ തന്റെ സൃഷ്ടിപരമായ കലാഭാവന ജനങ്ങളുമായി പങ്കുവെച്ചത്. ഓരോ വേദിയിലും അതത് ഉത്സവത്തിന്റെ ആത്മാവും സംസ്‌കാരപരമായ പ്രത്യേകതകളും നിറഞ്ഞുനില്‍ക്കുന്ന ചിത്രങ്ങളാണ് ലൈവായി സൃഷ്ടിച്ചത്.

കലയുടെ ഭാഷയിലൂടെ സാമൂഹിക ബോധവല്‍ക്കരണവും സാംസ്‌കാരിക പൈതൃക സംരക്ഷണവും മുന്നോട്ടുവെയ്ക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ലൈവ് ഡെമോണ്‍സ്‌ട്രേഷനുകള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെയും പ്രാദേശിക കലാസ്വാദകരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഖത്തറിന്റെ പാരമ്പര്യവും പ്രകൃതിസൗന്ദര്യവും വിഭവ വൈവിധ്യങ്ങളും മനുഷ്യസൗഹൃദവും കലാരൂപങ്ങളിലൂടെ ആവിഷ്‌കരിച്ച അവതരണം പ്രേക്ഷകരെ ആകര്‍ഷിച്ചു.

മൈഗ്രേഷന്‍ ഡേ ഇവന്റിനോടനുബന്ധിച്ച കലാപ്രകടനത്തില്‍ പ്രവാസജീവിതത്തിന്റെ വികാരലോകം ശക്തമായി പ്രതിഫലിപ്പിച്ചു. ബുക്ക് ഫെസ്റ്റില്‍ വായനയുടെ പ്രാധാന്യവും അറിവിന്റെ പ്രകാശവും ചിത്രങ്ങളിലൂടെ ഉയര്‍ത്തിക്കാട്ടി. മാങ്കോ ഫെസ്റ്റ്, ഹണി ഫെസ്റ്റ്, ഡേറ്റ് ഫെസ്റ്റ് എന്നിവയില്‍ ഖത്തറിന്റെ കാര്‍ഷിക സമ്പത്ത്, പ്രകൃതിയുടെ അനുഗ്രഹം, ആരോഗ്യബോധം എന്നിവ നിറഞ്ഞുനിന്നു.

റോഷ്‌നി കൃഷ്ണന്റെ ലൈവ് ആര്‍ട്ട് ഡെമോണ്‍സ്‌ട്രേഷന്‍, ഖത്തറിലെ സാംസ്‌കാരിക വേദികളില്‍ കലയുടെ ശക്തിയും സാമൂഹിക ഉത്തരവാദിത്തവും ഒരുമിപ്പിക്കുന്ന മികച്ച മാതൃകയായി വിലയിരുത്തപ്പെടുന്നു. കലയുടെ സൗന്ദര്യത്തിലൂടെ സമൂഹത്തെ ഒരുമിപ്പിക്കാനും കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനും ഖത്തര്‍ സംസ്‌കാരത്തോടുള്ള ആദരവു വളര്‍ത്താനും ഈ പരിപാടി സഹായകമായി.
