നോമ്പല്ലെങ്കില്‍ പിന്നെന്ത് ?

ഡോ. അലി ജാഫര്‍ മുണ്ടേരി
ചെമ്പുകുടം മണ്‍കുടത്തെ എന്നും പരിഹസിക്കും,’ഞാന്‍ സ്വര്‍ണ്ണംപോലെ തിളങ്ങുന്നത് നീ കാണുന്നില്ലേ? നിന്റെ ദേഹത്താകെ കറുത്ത പാടുകളാണ്. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തകരാം’.
അപ്പോഴൊക്കെ മണ്‍കുടം പറയും: ‘ഓരോരുത്തര്‍ക്കും അവരുടേതായ ഗുണങ്ങളുണ്ട്. അതില്‍ അഹങ്കരിക്കുന്നതും അവമതിക്കുന്നതും ശരിയല്ല’.
കുറച്ചുനാളുകള്‍ക്കുശേഷം വേനല്‍ക്കാലം വന്നെത്തി. കടുത്ത ഉഷ്ണം മൂലം ചെമ്പുകുടം ചൂടുപിടിക്കാന്‍ തുടങ്ങി. അതിനുള്ളിലെ വെള്ളം ആരും കുടിക്കാതായി.
മണ്‍കുടം അതിനുള്ളിലെ വെള്ളം തണുപ്പിച്ചു സൂക്ഷിച്ചു. ദാഹം തോന്നിയവരെല്ലാം മണ്‍കുടത്തില്‍നിന്നു വെള്ളം കുടിച്ചു. ചെമ്പുകുടത്തിന് സത്യം മനസ്സിലായി.
ഒന്നും ഒരുപോലെയല്ല, എല്ലാം വ്യത്യസ്തമാണ്.ചിലത് വലുതാണ്, ചിലത് ചെറുതും. ഇരുണ്ടതുണ്ട്, തെളിഞ്ഞതുണ്ട്. കഠിനമായവയും മൃദുവായവയുമുണ്ട്. ചിലതിനു സൗന്ദര്യമുണ്ട്, ചിലതിനു സമ്പത്തുണ്ട്. ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരുണ്ട്, ചെറുകിട ജോലികള്‍ ചെയ്യുന്നവരുണ്ട്. ഏതാണ് നല്ലതെന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്.
സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഓരോന്നിന്റെയും നന്മ തിരിച്ചറിയുന്നത്. വേനലില്‍ ഉപകരിക്കുന്നവയല്ല ശൈത്യത്തില്‍ ഉപകരിക്കുക. നീളമുള്ളതാണ് ആവശ്യമെങ്കില്‍ ചെറുതിനോടു കൂട്ടിച്ചേര്‍ക്കേണ്ടി വരും, ചെറുതാണ് വേണ്ടതെങ്കില്‍ നീളമുള്ളതു വെട്ടിമുറിക്കണം.
ഏതാണ് നല്ലതെന്ന് എങ്ങനെ തീരുമാനിക്കും? എരിവിനു പകരം മധുരമോ ഉപ്പിനു പകരം പുളിയോ ഉപകരിക്കില്ല. മറ്റൊന്നിനു പകരമായി ഉപയോഗിക്കാനാകില്ല എന്നത് വൈകല്യമായി കാണാനാകുമോ?
പലതരം കഴിവുകളും സ്വഭാവരീതികളുമുള്ള ആളുകളുണ്ട്. അതുകൊണ്ട് ഓരോരുത്തരുമായുള്ള ബന്ധം ഓരോ അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. എല്ലാം തികഞ്ഞവരായി ആരുമില്ലാത്തതുകൊണ്ടാണ് ഒരു ബന്ധത്തിലും പരിപൂര്‍ണ്ണത കൈവരാത്തത്.
എല്ലാവരിലുമുള്ള മികച്ചതിനെ കണ്ടെത്തി ആദരിക്കുക എന്നതാണ് ശരിയായ വഴി.
എവിടെ ഉപകരിക്കുമെന്നും എങ്ങനെ ഉപകരിക്കുമെന്നുമറിയില്ലെങ്കില്‍ രണ്ടു പ്രശ്‌നങ്ങളുണ്ട്. ഉപയോഗരഹിതമെന്നു വിലയിരുത്തി പലതിനെയും വലിച്ചെറിയും, ഒന്നും അതിന്റ യഥാര്‍ത്ഥ സാധ്യതകള്‍ കണ്ടെത്തില്ല.
പോരായ്മകളുടെ പേരില്‍ അവഹേളിക്കപ്പെടുന്നതിനെല്ലാം കൃത്യമായ സവിശേഷതകളുണ്ട്. മികച്ചതെന്നു വിലയിരുത്തുന്നതിനെല്ലാം ന്യൂനതകളുമുണ്ട്.
ഒന്നിനേയും നിസ്സാരമായി കാണാതിരിക്കാനുള്ള സന്ദേശം കൂടിയാണ് നോമ്പ്. ശരീരം പൂര്‍ണ്ണമായും പങ്കെടുക്കുമ്പോഴെ ഒരു നോമ്പ് പൂര്‍ണ്ണമാകൂ .
കണ്ണ്,കാത്, ഖല്‍ബ്,കൈ, കാല്‍, നാക്ക്, വാക്ക് അങ്ങിനെ എല്ലാ അവയവങ്ങളും തീര്‍ത്തും വ്യത്യസ്ഥമായ അവയുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുമ്പോള്‍ മാത്രമാണ് നമുക്ക് പൂര്‍ണമായ ഒരു നോമ്പ് ലഭിക്കുക !
തൊണ്ട ഒരിറുക്ക് വെള്ളം ഇറക്കിയാലൊ നാവ് ആവശ്യമില്ലാത്ത വല്ലതും പറഞ്ഞാലോ ബാക്കി ശരീരഭാഗങ്ങളെല്ലാം അധ്വാനിച്ചത് വെറുതെയാവും, നോമ്പ് നിഷ്ഫലമാവും .
നോമ്പനുഷ്ഠിക്കുന്ന മുഴുവന്‍ പേരും ഒരേ നിയമങ്ങള്‍ പാലിച്ചുള്ള നോമ്പ് നോല്‍ക്കുന്നതിലൂടെ, എല്ലാവരെയും ഒരു പോലെകാണുക എന്ന സമത്വ സന്ദേശവും അതിന്റെ പ്രായോഗികതയും നോമ്പിലുണ്ട്


