നോമ്പിന്റെ പുണ്യം കവിതയാക്കി ദോഹയിലെ ചിത്രകലാ അധ്യാപിക ; മതാതീത സൗഹൃദത്തിന്റെ പുത്തന്‍ മാതൃക

ദോഹ: പ്രവാസലോകത്തെ തിരക്കുകള്‍ക്കിടയിലും വ്രതശുദ്ധിയുടെ മുപ്പത് ദിനങ്ങളെ ആത്മസാക്ഷാത്കാരത്തിനുള്ള വഴിയാക്കി മാറ്റുകയാണ് ദോഹയിലെ ഒരു അധ്യാപിക. ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളിലെ അധ്യാപികയും കലാകാരിയും ലൈവ് ആര്‍ട്ട് പെര്‍ഫോമറുമായ റോഷ്നി കൃഷ്ണനാണ് മതത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം നോമ്പെടുത്ത് സഹാനുഭൂതിയുടെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്നത്.
ദോഹയിലെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമാണ് റോഷ്നി കൃഷ്ണന്. കേരളത്തിലെ തനത് കലാരൂപമായ ചുവര്‍ചിത്ര കലയെ പ്രവാസലോകത്ത് ജനകീയമാക്കുന്നതില്‍ ഇവര്‍ വലിയ പങ്കുവഹിക്കുന്നു. റോഷ്നിയ്ക്ക് , ചിത്രകല വെറുമൊരു വിനോദമല്ല മറിച്ച് സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്ന പാലമാണെന്ന് വിശ്വസിക്കുന്നു.
ദോഹയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഗ്ലോബല്‍ റിഥം കള്‍ച്ചറല്‍ ക്ലബ്ബിന്റെ പ്രിസിഡന്റായ ഇവര്‍, നിരവധി ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ വേദികളില്‍ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെറുമൊരു ചിത്രകാരി എന്നതിലുപരി, വരുംതലമുറയ്ക്ക് കല പകര്‍ന്നു നല്കുന്ന അധ്യാപികയായും വിവിധ മത്സരങ്ങളിലെ വിധികര്‍ത്താവായും ഇവര്‍ പ്രവര്‍ത്തിക്കുന്നു. പ്രവാസ മണ്ണിലിരുന്നുകൊണ്ട് കേരളത്തിന്റെ പൈതൃകത്തെ നിറങ്ങളിലൂടെ ലോകത്തിന് പരിചയപ്പെടുത്തുകയാണ് ഈ കലാകാരി. സോഷ്യല്‍ മീഡിയയുടെ അതിരുകളില്ലാത്ത ലോകത്ത്, സര്‍ഗ്ഗാത്മകതയുടെ നൂറു ഇതളുകള്‍ വിടര്‍ത്തിയ ഈ ‘100 ഡേയ്സ് ആര്‍ട്ട് ചലഞ്ച്’ അവരുടെ ഉള്ളിലെ കലാകാരിയുടെയും എഴുത്തുകാരിയുടെയും വജ്രശോഭയാര്‍ന്ന അടയാളപ്പെടുത്തലായി മാറി. അധ്യാപികയുടെ പക്വതയും കലാകാരിയുടെ ഭാവനയും ഒത്തുചേര്‍ന്ന ആ നൂറു ചിത്രങ്ങള്‍, പ്രവാസ മണ്ണിലെ സാംസ്കാരിക വിനിമയത്തിന്റെ പുതിയൊരു അധ്യായമാണ് രചിച്ചത്. ഓരോ പോസ്റ്റും വായനക്കാരിലും കാഴ്ചക്കാരിലും ഒരുപോലെ ആത്മീയമായ ഉണര്‍വ് പകര്‍ന്നു. കലയും സാഹിത്യവും ജീവിതചര്യയും എങ്ങനെ സമന്വയിപ്പിക്കാമെന്നതിന്റെ ഉദാത്തമായ മാതൃകയായി ഈ നൂറുദിന ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ ഒരു വിസ്മയമായി ഇന്നും ജ്വലിച്ചുനില്ക്കുന്നു.
വെറുമൊരു ശീലത്തിനപ്പുറം നോമ്പിനെ തന്റെ സര്‍ഗ്ഗാത്മക ജീവിതവുമായി ബന്ധിപ്പിക്കുകയാണ് ഇവര്‍. പകലിലെ വ്രതാനുഷ്ഠാനം നല്കുന്ന മാനസിക ശുദ്ധിയും സംതൃപ്തിയും ഈ അധ്യാപികയുടെ തൂലികയിലൂടെ കവിതകളായി വിരിയുന്നു. ‘വിശപ്പിന്റെ വേദനയല്ല, മറിച്ച് മനസ്സിന്റെ ശാന്തതയാണ് നോമ്പ് എനിക്ക് നല്‍കുന്നത്’ എന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. നോമ്പ് ഓരോ മനുഷ്യനെയും സ്വയം നവീകരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണെന്ന് ഇവരുടെ വരികള്‍ വായനക്കാരോട് സംവദിക്കുന്നു.
‘ദോഹയിലെ ജീവിതം എനിക്ക് നല്കിയ ഏറ്റവും വലിയ പാഠം സഹവര്‍ത്തിത്വമാണ്. നോമ്പ് വെറുമൊരു ആചാരമല്ല, അത് സഹജീവികളോടുള്ള കരുതലിന്റെയും ആത്മനിയന്ത്രണത്തിന്റെയും പാഠപുസ്തകമാണ്.’
എന്ന് റോഷ്നി ടീച്ചര്‍ ഓര്‍ത്തെടുക്കുന്നു.
ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ ഈ അധ്യാപികയുടെ വ്രതാനുഭവം ഇതിനോടകം തന്നെ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. മതം മനുഷ്യനെ വേര്‍തിരിക്കാനുള്ളതല്ല, മറിച്ച് സ്നേഹത്താല്‍ ഒന്നിക്കാനുള്ളതാണെന്ന് ഇവര്‍ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു.
‘വിശപ്പിനോട് സംസാരിച്ച ആത്മാവ്
പങ്കിടലിന്റെ ഒഴുക്കുള്ള ഭാഷ പഠിച്ചിരിക്കുന്നു
കണ്ണീര്‍പ്പാടുകള്‍ പുഞ്ചിരിയാല്‍
മാഞ്ഞുപോയിരിക്കുന്നു.’
എന്ന് റോഷ്നി ടീച്ചര്‍ തന്റെ കവിതയിലൂടെ പറഞ്ഞു വെയ്ക്കുന്നു .
‘മണലും മഞ്ഞുതുള്ളികളും പുഴയും
ഒരു ഋതു കഴിഞ്ഞ നിറപ്പാടോടെ
പുതിയ കാലത്തിലേക്ക് ഒഴുകുന്നു. ‘
നിറ നിലാവ് എന്ന കവിത രോഷ്നി കൃഷ്ണന് പെരുന്നാള്‍ അഗാതമാകുന്നതിനെ കുറിച്ച് വര്‍ണ്ണിക്കുന്നത് ഇങ്ങനെയാണ്. എത്ര മനോഹരവും ലളിതവുമായാണ് അവര്‍ ചിത്രകലയിലെ നിറക്കൂട്ടുകളെ കവിതയിലേക്ക് സമര്‍പ്പിക്കുന്നത്
‘നിറങ്ങളില്‍ ചാലിക്കുമ്പോള്‍
പുണ്യമാസം ഒരു നീണ്ട രേഖാചിത്രം
ദുര്‍ബലതയില്‍ നിന്ന് ദൃഢതയിലേക്ക്,
അഹങ്കാരത്തില്‍ നിന്ന് വിനയത്തിലേക്ക്,
അകലത്തില്‍ നിന്ന് അടുപ്പത്തിലേക്ക്
വരയ്ക്കുന്ന നിറങ്ങള്‍….’
റമളാനിന്റെ നിറങ്ങള്‍ എന്ന കവിതയിലെ ഈ വരികളില്‍ വ്രതപുണ്യത്തിന്റെ സകല വിശുദ്ധിയും നിറച്ചാര്‍ത്തുകളിലൂടെ കോര്‍ത്തിണക്കിയിട്ടുണ്ട് .
ഒരു ലൈവ് ആര്‍ട്ട് പെര്‍ഫോമര്‍ എന്ന നിലയില്‍, നോമ്പ് തന്റെ സര്‍ഗ്ഗാത്മകതയെ വര്‍ദ്ധിപ്പിക്കുന്നതായി ഇവര്‍ നിരീക്ഷിക്കുന്നു.
‘ശരീരം വിശ്രമിക്കുമ്പോള്‍ മനസ്സ് കൂടുതല്‍ ഉണര്‍ന്നിരിക്കുന്നു. നിറങ്ങളും വാക്കുകളും കൂടുതല്‍ തെളിച്ചത്തോടെ മനസ്സിലേക്ക് കടന്നുവരുന്നു.’
പകല്‍ മുഴുവന്‍ നീളുന്ന ഏകാന്തതയും പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷവും തന്റെ ചിത്രങ്ങളില്‍ പുതിയ ഭാവങ്ങള്‍ കൊണ്ടുവരുന്നു. പ്രവാസ മണ്ണിലെ സാംസ്കാരിക വേദിയില്‍ നോമ്പിന്റെ സന്ദേശം കലയിലൂടെ അവതരിപ്പിക്കാനും ഇവര്‍ക്ക് സാധിക്കുന്നു.


