Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

തിലാവ-2026′ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു

ദുബൈ: ഐ.സി.എഫ്. സംഘടിപ്പിച്ച ‘തിലാവ-2026’ അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരം സമാപിച്ചു. പ്രവാസ ലോകത്തെ മദ്‌റസ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ബൃഹത്തായ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരച്ചു. ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വവും പ്രാധാന്യവും പുതിയ തലമുറയിലേക്ക് എത്തിക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് വിശുദ്ധ ഖുര്‍ആനുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മദ്‌റസ, റീജിയണ്‍, ചാപ്റ്റര്‍, നാഷണല്‍ എന്നീ നാല് ഘട്ടങ്ങളിലായി നടന്ന കഠിനമായ മത്സരങ്ങള്‍ക്ക് ശേഷമാണ് ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ് ഫിനാലെ അരങ്ങേറിയത്.
മത്സരത്തിന്റെ ഉദ്ഘാടനം ഈജിപ്തിലെ ജാമിഅ അല്‍ അസ്ഹര്‍ കോളജ് ഓഫ് ഉസൂലുദ്ദീന്‍ പ്രിന്‍സിപ്പല്‍ ഡോ. ജമാല്‍ ഫാറൂഖ് ഗബ്രില്‍ മഹ്‌മൂദ് അല്‍ ദഖാഖ് നിര്‍വ്വഹിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതിഥിയായിരുന്നു. സയ്യിദ് അബ്ദുറഹ്‌മാന്‍ ആറ്റക്കോയ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ഐ.സി.എഫ്. ഇന്റര്‍നാഷണല്‍ പ്രസിഡന്റ് മമ്പാട് അബ്ദുല്‍ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിസാര്‍ സഖാഫി സന്ദേശം നല്‍കി. ഫാസില്‍ നൂറാനി ഖുര്‍ആന്‍ പ്രഭാഷണം നടത്തി. നൂറുദ്ധീന്‍ സഖാഫി, മുഹമ്മദ് കുട്ടി സഖാഫി, ഹാഫിസ് അന്‍വര്‍ ലത്തീഫി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
അബ്ദുറസാഖ് മുസ്ലിയാര്‍ പറവണ്ണ, സുബൈര്‍ സഖാഫി കോട്ടയം, അബ്ദുല്‍ കരീം ഹാജി മേമുണ്ട എന്നിവര്‍ വിവിധ വിഭാഗങ്ങളിലുള്ള വിജയികളെ പ്രഖ്യാപിച്ചു. ഫാറൂഖ് കവ്വായി, റാസിഖ് ഹാജി, സ്വാലിഹ് നൂറാനി അബ്ദുല്‍ ഹകീം എ.കെ. സകീര്‍ മാസ്റ്റര്‍, ഒ.പി. സാദിഖ് അലി, ഷമീര്‍ പന്നൂര്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. അബ്ദുറശീദ് സഖാഫി മുക്കം സ്വാഗതവും ശരീഫ് കാരശ്ശേരി നന്ദിയും പറഞ്ഞു.

സബ് ജൂനിയര്‍ വിഭാഗത്തില്‍ അബൂദബി അബൂഹുറൈറ മദ്റസയിലെ മുഹമ്മദ് കഅബ് ഒന്നാം സ്ഥാനം നേടി. ഖത്വറിലെ തഅ്ലീമുല്‍ ഖുര്‍ആന്‍ അസീസിയ മദ്റസയിലെ ഐലാന്‍ മുഹമ്മദ് സഹ്രി നൗഫല്‍ രണ്ടാം സ്ഥാനവും ബഹ്റൈന്‍ ഹമദ് ടൗണ്‍ മജ്മഅ് തഅ്ലീമുല്‍ ഖുര്‍ആന്‍ മദ്റസയിലെ ഇസും മുഹമ്മദ് ടി കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജൂനിയര്‍ വിഭാഗത്തില്‍ ജിദ്ദ ഇമാം റാസി മദ്റസയിലെ മുഹമ്മദ് മാഹിര്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. ഒമാനിലെ ഗുബ്‌റ മദ്റസത്തുല്‍ ഹുദയിലെ മുഹമ്മദ് സ്വാലിഹ് രണ്ടാം സ്ഥാനവും അബൂദബി അബൂഹുറൈറ മദ്റസയിലെ അയാന്‍ അന്‍ശദ് മൂന്നാം സ്ഥാനവും നേടി.

സീനിയര്‍ വിഭാഗത്തില്‍ കുവൈത്ത് ഖൈതാന്‍ ഐ സി എഫ് മദ്റസയിലെ അഹ്‌മദ് ഒന്നാം സ്ഥാനം നേടി. ഒമാന്‍ ഇബ്രി മര്‍കസു തഅ്ലീമില്‍ ഖുര്‍ആനിലെ അഹ്‌മദ് റബാഹ് എം രണ്ടാം സ്ഥാനവും സഊദി തുഖ്ബ ദാറുല്‍ ഹുദ മദ്റസയിലെ മുഹ്യിദ്ദീന്‍ ദര്‍വേശ് നസീര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Related Articles

Back to top button