‘സ്വപ്നത്തിന്റെ ഹൃദയമിടിപ്പ്-ഖത്തറിലെ പ്രവാസി സംരംഭകനായ സിപിഎ ജലീലിന്റെ ജീവിതം മാറ്റിമറിച്ച കഥ

‘സ്വപ്നത്തിന്റെ ഹൃദയമിടിപ്പ്- ഖത്തറിലെ പ്രവാസി സംരംഭകനായ സിപിഎ ജലീലിന്റെ ജീവിതം മാറ്റിമറിച്ച കഥ
2008-ലെ ഒരു ചൂടേറിയ ദിവസം…
ജലീല്‍ എന്ന മനുഷ്യന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ഫോണ്‍ കോള്‍ എത്തി. സൗദിയില്‍ നിന്നായിരുന്നു ആ കോള്‍. വിളിച്ചത് പി.കെ. ഖാലിദും ഇഖ്ബാലും ആയിരുന്നു.
ബഹ്‌റൈനില്‍ ”അല്‍ അമല്‍” എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ആശുപത്രി ഖത്തറില്‍ ആരംഭിക്കാനുള്ള പദ്ധതി അവര്‍ പങ്കുവച്ചു.
ആ സ്വപ്നത്തിന്റെ ഭാഗമാകാന്‍ ജലീലിനെയും മറ്റ് എട്ട് പേരെയും കൂടി തിരഞ്ഞെടുത്തു.
ഖത്തറില്‍ സ്വകാര്യ മേഖലയില്‍ അന്ന് അധികം ആശുപത്രികളൊന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ
അതൊരു സാധാരണ അവസരമായിരുന്നില്ല…ഒരുപാട് പ്രതീക്ഷകളും, ഒരു വലിയ ലക്ഷ്യവും നിറഞ്ഞ ഒരു തുടക്കമായിരുന്നു.
ഒരു ആശുപത്രി നിര്‍മ്മിക്കുക . അതിലൂടെ നല്ലൊരു ബിസിനസ് വളര്‍ത്തുന്നതോടൊപ്പം തന്നെ അനവധി മനുഷ്യരുടെ ജീവന്‍ സ്പര്‍ശിക്കുക. അതായിരുന്നു അവരുടെ സ്വപ്നം.
ജലീല്‍ ആ സ്വപ്നത്തില്‍ മുഴുകി.
എന്നാല്‍…
ജീവിതം എല്ലായ്‌പ്പോഴും നമ്മള്‍ പ്രതീക്ഷിക്കുന്ന വഴികളിലൂടെ പോകാറില്ല. കാര്യങ്ങള്‍ കൈവിട്ടുപോയി.
ബഹ്‌റൈനിലെ ആശുപത്രിയുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കാന്‍ തീരുമാനിച്ച മാനേജ്‌മെന്റും ഡോക്ടറും ചേര്‍ന്ന്, പി.കെ. ഖാലിദിനെയും ഇഖ്ബാലിനെയും അവരോടൊപ്പമുണ്ടായിരുന്ന എട്ട് പേരെയും ഒരുമിച്ച് ഒഴിവാക്കാന്‍ തീരുമാനിച്ചു.
ഒരു നിമിഷം കൊണ്ട്…
അവരുടെ സ്വപ്നങ്ങള്‍ ഒടിഞ്ഞു വീണു.
ജലീലിന് അത് ഒരു വലിയ ആഘാതമായിരുന്നു. വര്‍ഷങ്ങളായി മനസ്സില്‍ പടുത്തുയര്‍ത്തിയ സ്വപ്നം പെട്ടെന്ന് കൈവിട്ടുപോയി.
ആ രാത്രിയില്‍, ഏറെ വേദനയോടെ ജലീല്‍ തന്റെ ഏഴാം ക്ലാസില്‍ പഠിക്കുന്ന മകനോട് ഈ കഥ പറഞ്ഞു.
അവന്റെ വാക്കുകളില്‍ ഒരു പിതാവിന്റെ വേദനയും, നഷ്ടപ്പെട്ട സ്വപ്നത്തിന്റെ ഭാരം കൂടി ഉണ്ടായിരുന്നു.
ആ കുഞ്ഞ് ശാന്തമായി കേട്ടുനിന്നു…
പിന്നീട്, ഒരു ഉറച്ച ശബ്ദത്തില്‍ പറഞ്ഞു
‘വാപ്പ ആഗ്രഹിച്ചതുപോലെ… ഞാന്‍ ഒരു ഡോക്ടറാവും. നമുക്ക് ഒരുദിവസം നമ്മുടെ സ്വന്തം ആശുപത്രി ഉണ്ടാക്കാം…’
ആ വാക്കുകള്‍ ജലീലിന്റെ മനസ്സില്‍ വീണ്ടും ഒരു പ്രകാശം തെളിച്ചു.
കാലം കടന്നു…
ദിവസങ്ങള്‍ വര്‍ഷങ്ങളായി മാറി…
ആ കുഞ്ഞ് തന്റെ ലക്ഷ്യത്തിലേക്ക് ഒരുനിമിഷം പോലും വഴിമാറാതെ മുന്നേറി.
അങ്ങനെ
അവന്‍ ഒരു കാര്‍ഡിയോ സര്‍ജന്‍ ആയി.
മനുഷ്യരുടെ ഹൃദയമിടിപ്പ് രക്ഷിക്കുന്ന ഒരാളായി.
ഇന്ന്, ജലീലും മകനും ചേര്‍ന്ന് ഒരു ആശുപത്രി നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്.
അത് ഒരു കെട്ടിടമല്ല…
അത് ഒരു സ്വപ്നത്തിന്റെ പുനര്‍ജന്മമാണ്.
ഒരു പിതാവിന്റെ കണ്ണീരില്‍ നിന്നും പിറന്ന സ്വപ്‌നമാണ് ഒരു മകന്റെ പരിശ്രമത്തില്‍ സഫലമായത്…
.’പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും നിരന്തരമായി പരിശ്രമിച്ചാല്‍ സ്വപ്നങ്ങള്‍ തകര്‍ന്നാലും… അവയുടെ പ്രതിധ്വനി ഒരുദിവസം വിജയമായി തിരിച്ചുവരും
ജലീലിന്റെ മറ്റൊരു മകനും മെഡിസിന് പഠിച്ചുകൊണ്ടിരിക്കുകയാണ്.



