Local News

കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, എന്നിവയുമായി ബന്ധപ്പെട്ട് ഖത്തറില്‍ അഞ്ച് പേര്‍ക്ക് തടവ്

കള്ളപ്പണം വെളുപ്പിക്കല്‍, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, എന്നിവയുമായി ബന്ധപ്പെട്ട് ഖത്തറില്‍ അഞ്ച് പേര്‍ക്ക് തടവ്. ഒരു ഖത്തരി ജീവനക്കാരിക്കും നാല് അറബ് പൗരന്മാര്‍ക്കുമാണ് നാല് വര്‍ഷം തടവുശിക്ഷ വിധിച്ചത്.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ ജീവനക്കാരിക്കെതിരെ മന്ത്രാലയം തന്നെ നല്‍കിയ പരാതിയിലാണ് നടപടി. സ്ഥാപനങ്ങള്‍ക്കുള്ള വാണിജ്യ ലൈസന്‍സുകള്‍ അനുവദിക്കുന്നതിനായി ഇവര്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഇടപാടുകള്‍ നടത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

കൈക്കൂലി വാഗ്ദാനം ചെയ്യുകയും സ്വീകരിക്കുകയും ചെയ്യുക, കൈക്കൂലിക്ക് മധ്യസ്ഥത വഹിക്കുക, ഔദ്യോഗിക അധികാര ദുര്‍വിനിയോഗം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതികളെ കോടതിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്നാണിത്.

നിരവധി ഭരണപരമായ ലംഘനങ്ങള്‍ നടത്തിയതിന് വാണിജ്യ വ്യവസായ മന്ത്രാലയം തങ്ങളുടെ ജീവനക്കാരില്‍ ഒരാള്‍ക്കെതിരെ സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷന്‍ കേസില്‍ അന്വേഷണം ആരംഭിച്ചു. നിയമവും ബാധകമായ നടപടിക്രമങ്ങളും ലംഘിച്ച് ഒരു ബിസിനസ്സ് സ്ഥാപനത്തിനായി വാണിജ്യ ലൈസന്‍സുകള്‍ പ്രത്യേകിച്ച് ഷിഷ കഫേകള്‍ക്കും മസാജ്, റിലാക്‌സേഷന്‍ പവര്‍ത്തനങ്ങള്‍ക്കും ശരിപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു പരാതി.

ജീവനക്കാരി ആകെ 201,140 റിയാല്‍ കൈക്കൂലി വാങ്ങിയതായാണ് റിപ്പോര്‍ട്ട്. കൈക്കൂലി വാങ്ങല്‍, ഔദ്യോഗിക അധികാര ദുര്‍വിനിയോഗം എന്നീ കുറ്റകൃത്യങ്ങള്‍ക്ക് ജീവനക്കാരിയെ കോടതി നാല് വര്‍ഷം തടവിന് ശിക്ഷിക്കുകയും കൈക്കൂലി തുകയ്ക്ക് തുല്യമായ പിഴ ചുമത്തുകയും ചെയ്തു. കള്ളപ്പണം വെളുപ്പിച്ചതിന് ഒരു വര്‍ഷം കൂടി തടവും 2 മില്യണ്‍ റിയാല്‍ പിഴയും വിധിച്ചുവെന്ന് പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

കൈക്കൂലി വാഗ്ദാനം ചെയ്ത ഈജിപ്ഷ്യന്‍ പൗരന് ഒരു പൊതു ജീവനക്കാരന് കൈക്കൂലി നല്‍കിയതിന് നാല് വര്‍ഷം തടവും കൈക്കൂലിക്ക് തുല്യമായ തുക പിഴയും വിധിച്ചു. കള്ളപ്പണം വെളുപ്പിച്ചതിന് ഒരു വര്‍ഷം തടവും 2 മില്യണ്‍ റിയാല്‍ പിഴയും വിധിച്ചു, ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ഉത്തരവിട്ടു.

ടുണീഷ്യന്‍, ഈജിപ്ഷ്യന്‍ പാസ്പോര്‍ട്ടുകള്‍ കൈവശം വച്ചിരിക്കുന്ന ബാക്കിയുള്ള കുറ്റവാളികള്‍ക്ക് ഒരു പൊതു ജീവനക്കാരന് കൈക്കൂലി നല്‍കുന്നതില്‍ പങ്കെടുത്തതിന് സാമ്പത്തിക പിഴകള്‍ക്കൊപ്പം നാല് വര്‍ഷം തടവും ശിക്ഷ വിധിച്ചു.