അല്‍ ജനൂബ് സ്റ്റേഡിയത്തിന് ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റം സര്ട്ടിഫിക്കേഷന്
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 വേദികളിലൊന്നായ അല്‍ ജനൂബ് സ്റ്റേഡിയത്തിന് ഗള്‍ഫ് ഓര്ഗനൈസേഷന് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റിന്റെ പ്രവര്‍ത്തന മികവിനുള്ള ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റം സര്ട്ടിഫിക്കേഷന് ലഭിച്ചു. ഇതോടെ ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഗ്ലോബല്‍ സസ്റ്റൈനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിന്റെ മൂന്ന് അവാര്‍ഡുകളും സ്വന്തമാക്കുന്ന ആദ്യ ഫിഫ ലോകകപ്പ് ഖത്തര്‍ 2022 സ്റ്റേഡിയം എന്ന ബഹുമതി അല്‍ ജനൂബ് സ്റ്റേഡിയം സ്വന്തമാക്കി. മുമ്പ്, സ്റ്റേഡിയത്തിന് സുസ്ഥിര രൂപകല്‍പ്പനയ്ക്കും ഹരിത നിര്‍മ്മാണ രീതികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചിരുന്നു.
സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി , ഫിഫ, ഗള്‍ഫ് ഓര്ഗനൈസേഷന് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ,മൊസാനദ ഫെസിലിറ്റീസ് മാനേജ്മെന്റ് സര്‍വീസസ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്.
സ്റ്റേഡിയം രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും ഞങ്ങള്‍ പുതിയ സുസ്ഥിര മാനദണ്ഡങ്ങള്‍ കൈവരിക്കുമ്പോള്‍, സൗകര്യങ്ങള്‍, കഴിവുകള്‍, പ്രക്രിയകള്‍ എന്നിവയും ഞങ്ങള്‍ വികസിപ്പിക്കുന്നു. ഞങ്ങളുടെ വേദികള്‍ കഴിയുന്നത്ര സുസ്ഥിരമാണെന്ന് ഉറപ്പാക്കാന്‍ ഖത്തറിലെ നിര്‍മ്മാണ പ്രവര്‍ത്തന മേഖല പ്രതിജ്ഞാബദ്ധമാണ് . കെട്ടിടത്തിനും അവിടെ പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ ടീമിനും സാധ്യമായ ഏറ്റവും മികച്ച ഫലം ഉറപ്പാക്കാന്‍ സര്ട്ടിഫിക്കേഷന് പ്രക്രിയയിലുടനീളം ഞങ്ങള്‍ മികച്ച പരിശീലനമാണ് നല്‍കിയതെന്ന് ചടങ്ങില്‍ സംസാരിച്ച സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ടെക്നിക്കല്‍ സര്‍വീസസ് എന്‍ജിനീയര്‍ ഗാനിം അല്‍ കുവാരി പറഞ്ഞു
ഫിഫ ലോകകപ്പ് 2022 സുസ്ഥിര തന്ത്രത്തിന്റെ പ്രതിബദ്ധതകള്‍ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ തെളിവാണ് ഈ സര്ട്ടിഫിക്കേഷന് എന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സസ്റ്റൈനബിലിറ്റി ഡയറക്ടര്‍ എഞ്ചിനീയര്‍ ബുദൂര്‍ അല്‍ മീര്‍ പറഞ്ഞു.